‘ആരുടെ സമാധാനമാണ് ഞാൻ പാലിക്കേണ്ടത്?’; പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ

‘ആരുടെ സമാധാനമാണ് ഞാൻ പാലിക്കേണ്ടത്?’; പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ

പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ പീസ് ബോണ്ട് ഒപ്പുവെക്കാൻ വിസമ്മതിച്ച് ഐസ പ്രസിഡന്റ് നേഹ ബോറ. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന ഡൽഹി പൊലീസിന്റെ നോട്ടീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, “ആരുടെ സമാധാനമാണ് ഞാൻ പാലിക്കേണ്ടത്?” എന്ന് നേഹ ചോദിച്ചു.

തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്നും നേഹ വ്യക്തമാക്കി. സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് എങ്ങനെയണ് സമാധാനത്തിന് ഭീഷണിയാകുന്നത് എന്നും അവർ ചോദിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന മാർച്ചിൽ പങ്കെടുത്തതിന് പിന്നാലെയാണ് പൊലീസ് ഇവർക്ക് നോട്ടീസ് നൽകിയത്.

അന്വേഷണ കാലയളവിൽ സമാധാനം പാലിക്കുന്നതിനായി ബോണ്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എൻ.എസ്.എസ്. (BNSS) സെക്ഷൻ 126 പ്രകാരമാണ് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെ പൊതുസമാധാന ലംഘനമായി ചിത്രീകരിക്കരുതെന്നും വിയോജിപ്പുകൾ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നേഹ ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ബോണ്ടിൽ ഒപ്പിടില്ലെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top