ഗുവാഹത്തി: അസമിലെ കാസിരംഗയ്ക്ക് സമീപം റോംഗജാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 23 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോക്കാഖട്ടിൽ നിന്ന് നാഗാവോണിലേക്ക് പോവുകയായിരുന്ന മിനിബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി കൊഹോറ മോഡൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ മിനിബസ് പൂർണ്ണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തകർന്ന ബസിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തുകൊണ്ടിരിക്കുകയാണെന്നും ഗോലാഘട്ട് സീനിയർ പോലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക്ക അറിയിച്ചു.
ദേശീയോദ്യാനത്തിന് സമീപം ഏർപ്പെടുത്തിയിട്ടുള്ള വേഗനിയന്ത്രണങ്ങൾ ലംഘിച്ച് അമിതവേഗതയിലാണ് മിനിബസ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. അമിതവേഗതയെത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















