പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ല, മറിച്ച് കസ്റ്റഡിയിലെടുത്ത സമയം തൊട്ടാണെന്ന് സുപ്രീംകോടതി വിധിച്ചു. ചെറിയൊരു കാലയളവിലേക്കുള്ള കസ്റ്റഡി അറസ്റ്റ് അല്ലെന്ന നിലപാടിനോട് വിയോജിച്ച കോടതി, മൗലികാവകാശത്തിന് താൽക്കാലിക സസ്പെൻഷൻ സാധ്യമല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പുള്ള അന്വേഷണത്തിനോ മറ്റു നടപടികൾക്കോ എടുക്കുന്ന സമയം ഭരണഘടനാപ്രകാരം ഇളവ് നൽകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഭരണഘടന നൽകുന്ന ഒരേയൊരു ഇളവ്. കസ്റ്റഡിയിലെടുത്ത സമയവും തീയതിയും മജിസ്ട്രേറ്റുമാർ രേഖപ്പെടുത്തണമെന്നും 24 മണിക്കൂർ പരിധി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റഡിയും അറസ്റ്റും തമ്മിൽ കൃത്രിമ വേർതിരിവ് ഉണ്ടാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികളുടെ മുൻ നിലപാടുകളെ സുപ്രീംകോടതി തള്ളി. കസ്റ്റഡി കാലയളവ് ഭരണഘടനയുടെ 22-ാം അനുച്ഛേദപ്രകാരമുള്ള സമയപരിധിയിൽ നിന്ന് ഒഴിവാക്കാമെന്ന വിധികൾ ശരിയായ നിയമമല്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിമിഷം മുതൽ സമയപരിധി ആരംഭിക്കുമെന്ന കേരള ഹൈക്കോടതിയുടെ മറ്റൊരു കേസിന്റെ നിലപാടിനെ കോടതി അംഗീകരിച്ചു.
എൻ.ഡി.പി.എസ് കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നാലുപേർ സമർപ്പിച്ച അപ്പീലിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2025 സെപ്റ്റംബർ 29-ന് ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഇവരെ 18 മണിക്കൂറോളം ജുഡീഷ്യൽ മേൽനോട്ടമില്ലാതെ തടങ്കലിൽ വെച്ച ശേഷം പിറ്റേന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത് ആർട്ടിക്കിൾ 22(2)ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികളെ ഉടൻ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
















