തിരുവനന്തപുരം: ബോർഡ്-കോർപറേഷൻ വിഭജനത്തിലും തീരുമാനങ്ങളിലും തങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസിലെ എ ഗ്രൂപ്പ് രംഗത്ത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര ഗ്രൂപ്പ് യോഗത്തിന് പിന്നാലെ നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെയും നേരിൽ കണ്ട് കടുത്ത അതൃപ്തി അറിയിച്ചു. കെ.സി. ജോസഫ്, എം.എം. ഹസൻ, ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. സർക്കാർ അധികാരമേറ്റ് ആറ് മാസമായിട്ടും ബോർഡ്-കോർപറേഷൻ വിഭജനം നീളുന്നതിലും, നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെ കൂടിയാലോചനകളില്ലാതെ മുന്നോട്ട് പോകുന്നതിലും യോഗത്തിൽ രൂക്ഷവിമർശനമുയർന്നു.
ബോർഡ്-കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ നടത്തിയ ചർച്ചകളിൽ എ ഗ്രൂപ്പിൽ നിന്ന് ആരെയും പങ്കെടുപ്പിക്കാത്തതാണ് പ്രധാനമായും പ്രകോപനത്തിന് കാരണമായത്. ഏതൊക്കെ ഘടകകക്ഷികൾക്ക് ഏതെല്ലാം സ്ഥാനമാനങ്ങൾ നൽകിയെന്നോ കോൺഗ്രസിന് എത്ര സ്ഥാനങ്ങൾ ലഭിക്കുമെന്നോ സംബന്ധിച്ച് മുതിർന്ന നേതാക്കൾക്ക് പോലും വ്യക്തതയില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. രമേശ് ചെന്നിത്തലയെ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ എ ഗ്രൂപ്പ് പ്രതിനിധിയെയും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും, ഗ്രൂപ്പ് ഭിന്നിച്ച് നിൽക്കുന്നുവെന്ന് വരുത്തിത്തീർത്ത് അവസരങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.
തുടർച്ചയായ അവഗണനയിൽ സഹികെട്ടാണ് എ ഗ്രൂപ്പ് നേതാക്കൾ വീണ്ടും ഒന്നിച്ചുനീങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ അഖിലേന്ത്യാ നേതൃത്വത്തെ ഇടപെടുവിക്കാനും യോഗത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരെ നേരിൽ കണ്ട് പരാതി അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം.














