ന്യൂഡൽഹി: അമേരിക്കയിലുണ്ടായ രൂക്ഷമായ വ്യോമഗതാഗത പ്രതിസന്ധി തങ്ങളുടെ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. അമേരിക്കയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും കൃത്യസമയത്ത് തന്നെ സർവീസ് നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രതിസന്ധികൾക്കിടയിലും ന്യൂയോർക്ക്, നൊവാർക്ക്, സാൻഫ്രാൻസിസ്കോ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ കൃത്യസമയത്ത് തന്നെ ലാൻഡ് ചെയ്തു. ഈ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള മടക്ക സർവീസുകളും കാര്യമായ വൈകലുകളില്ലാതെ ഷെഡ്യൂൾ പ്രകാരം തന്നെ പുറപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും, വിമാനങ്ങൾ കൃത്യസമയത്ത് തന്നെ ടേക്ക് ഓഫ് ചെയ്യുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അമേരിക്കയിലുടനീളം വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് (ഗ്രൗണ്ട് സ്റ്റോപ്പ്) ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്ത സാഹചര്യത്തിലാണ് തങ്ങളുടെ സർവീസുകൾ സുഗമമായി നടക്കുന്നുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയത്.
















