തിരഞ്ഞെടുപ്പിന് പിന്നാലെ വിശാല സഖ്യസർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ ചർച്ചകൾക്ക് സന്നദ്ധത അറിയിക്കുമ്പോഴും പ്രധാനമന്ത്രി സ്ഥാനത്ത് താൻ തന്നെ തുടരണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിഷ് വാർത്താ ഏജൻസിയായ അനഡോലുവിനെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.
ഭീകരവാദത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കാത്ത ഏതൊരു പാർട്ടികളുമായും തങ്ങളുടെ പങ്കാളികളുമായും വിശാലമായ ഒരു സർക്കാർ രൂപീകരിക്കാൻ ലിക്കുഡ് പാർട്ടി ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇസ്രായേലിലെ ജനങ്ങൾ റാമിനെയും ജോയിന്റ് ലിസ്റ്റിനെയും ആശ്രയിക്കുന്ന ഒരു സർക്കാരിനെ അധികാരത്തിലേറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും, ആദ്യ ദിവസം മുതൽ തന്നെ വിശാല സർക്കാർ രൂപീകരണത്തിന് തങ്ങൾ തയ്യാറായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭൂരിപക്ഷം ജൂതവിഭാഗവും ലിക്കുഡ് പാർട്ടിയെ ഏറ്റവും വലിയ കക്ഷിയായും തന്നെ അടുത്ത സർക്കാരിനെ നയിക്കാനുള്ള പ്രധാനമന്ത്രിയായും തെരഞ്ഞെടുത്തതായി നെതന്യാഹു പറഞ്ഞു. ഇതിനിടെ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ ടുഗെദർ പാർട്ടി, യയർ ഗോലാന്റെ ഡെമോക്രാറ്റ്സ് പാർട്ടി, അവിഗ്‌ദോർ ലീബർമാന്റെ യിസ്രായേൽ ബെയ്‌തേനു പാർട്ടി എന്നിവർ അടുത്ത സർക്കാർ രൂപീകരിക്കാൻ യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിനെ ചുമതലപ്പെടുത്തണമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നതോടെ ഐസൻകോട്ടിന് 48 എം.പിമാരുടെ പിന്തുണ ലഭിക്കും. രണ്ട് അറബ് പാർലമെന്ററി സഖ്യങ്ങളും പിന്തുണച്ചാൽ 120 അംഗ നെസെറ്റിൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ 67 ആയി ഉയരാൻ സാധ്യതയുണ്ട്. എന്നാൽ അറബ് പാർട്ടികൾ ഉൾപ്പെടുന്ന സർക്കാരിൽ ചേരില്ലെന്നും അവരുടെ പിന്തുണയോടെയുള്ള സർക്കാരിനെ പിന്തുണയ്ക്കില്ലെന്നും ലീബർമാൻ നിലപാട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പ്രതിപക്ഷ കക്ഷികൾക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്.



















