ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു: അഞ്ച് പേരെ കാണാതായി, തിരച്ചില്‍ തുടരുന്നു

ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ചു: അഞ്ച് പേരെ കാണാതായി, തിരച്ചില്‍ തുടരുന്നു

കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ രണ്ട് ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അഞ്ച് പേരെ കാണാതായി. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ തിരച്ചില്‍ നടത്തിയതായി പ്രാദേശിക സന്നദ്ധ സംഘടനയായ ഹണ്ടേഴ്സ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് ട്രിനിഡാഡ് ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തിന് സമീപം അപകടമുണ്ടായത്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തില്‍ ഒരു ബോട്ട് വായുവിലേക്ക് ഉയര്‍ന്ന് മറിഞ്ഞതോടെ അതിലുണ്ടായിരുന്ന യാത്രക്കാര്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അപകടം നേരില്‍ കണ്ട പ്രാദേശിക ടൂര്‍ കമ്പനി ജീവനക്കാരനും ബോട്ട് ക്യാപ്റ്റനുമായ ജോനാഥന്‍ സലാണ്ടിയും സംഘവും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി അപകടസ്ഥലത്തെത്തി. ഇരുട്ടിനിടയിലും കടലില്‍ വീണവര്‍ക്കായി ലൈഫ് ജാക്കറ്റുകള്‍ എറിഞ്ഞുകൊടുക്കുകയും ചിലരെ സ്വന്തം ബോട്ടിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഒരാളുടെ തലയ്ക്ക് ഗുരുതരമായി മുറിവേറ്റതായും സലാണ്ടി വെളിപ്പെടുത്തി.

രക്ഷപ്പെടുത്തിയവരില്‍ ചിലരെ പരിക്കുകളോടെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ എത്രപേര്‍ക്കാണ് പരിക്കേറ്റതെന്ന കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും തിരച്ചില്‍ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അപകടത്തില്‍ കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തിങ്കളാഴ്ച ചഗ്വാറമാസ് തീരത്ത് ഒത്തുകൂടി വിവരങ്ങള്‍ക്കായി കാത്തിരുന്നു. മണിക്കൂറുകളോളം പ്രാര്‍ത്ഥനയോടെ ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി നിരീക്ഷിച്ചു. ട്രിനിഡാഡിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തിന് സമീപമുള്ള ചെറുദ്വീപുകള്‍ വിനോദസഞ്ചാരികള്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ഈ ദ്വീപുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ചെറുബോട്ടുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Boats collide in Trinidad and Tobago: Five people missing, search continues

Share Email
Top