കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് പിടികൂടി. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. ഫോണിൽ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തര നിർദ്ദേശം നൽകിയത്.
സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും (സി.ഡബ്ല്യു.സി) വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ചടയമംഗലം കുരിയോടിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രണ്ടാനച്ഛൻ രാജേഷ്, മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചു.
കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുകയും ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ക്രൂരതയ്ക്ക് കാരണമെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ പോലീസിന് മൊഴി നൽകി. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയായ രാജേഷിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
















