വാഷിംഗ്ടണ്‍: അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്ത്തകന് ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകക്കേസില്‍ പ്രതിയായ ടൈലര്‍ റോബിന്‍സന്റെ വിചാരണ 2028 ജൂണില്‍ ആരംഭിക്കും. തിങ്കളാഴ്ചയാണ് ഉട്ടാ ജില്ലാ കോടതി ജഡ്ജി ടോണി ഗ്രാഫ് വിചാരണ തീയതി നിശ്ചയിച്ചത്. 2027ല്‍ വിചാരണ നടത്തണമെന്ന ആവശ്യമടക്കം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് 2028 ജൂണ്‍ 21ന് ജൂറി തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ കോടതി തീരുമാനിച്ചത്.
23 കാരനായ ടൈലര്‍ റോബിന്സനെതിരെ കൊലപാതകം ഉള്‍പ്പെടെ ഏഴ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരായ എല്ലാ കുറ്റങ്ങളും പ്രതി നിഷേധിച്ചിട്ടുണ്ട്. ഉട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന സംവാദ പരിപാടിക്കിടെ ചാര്‍ലി കിര്‍ക്കിന് നേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസില്‍ വധശിക്ഷ ആവശ്യപ്പെടുന്ന കാര്യവും പ്രോസിക്യൂഷന് പരിഗണിക്കുന്നുണ്ട്.
വിചാരണ 2029 അവസാനത്തോടെ നടത്തണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം. വധശിക്ഷയ്ക്കായുള്ള പ്രോസിക്യൂഷന്റെ നീക്കത്തെ ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും വിചാരണ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നല്‍കാനും സമയം ആവശ്യമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ആറു മുതല്‍ ഏഴ് മാസം വരെ വിചാരണ നീളുമെന്നാണ് അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, 2028 ജനുവരി 31ന് വിചാരണ ആരംഭിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഏകദേശം 17 ആഴ്ച നീളുന്ന വിചാരണയാണ് പ്രോസിക്യൂഷന് പ്രതീക്ഷിക്കുന്നത്.
അതിനിടെ, ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ എറിക്ക കിര്‍ക്ക് 2027ല്‍ തന്നെ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നീണ്ടുനില്‍ക്കുന്ന നിയമനടപടികള്‍ കുടുംബത്തിന് വലിയ മാനസിക വേദനയുണ്ടാക്കുന്നുവെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ വൈകുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ പ്രതികരിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ചാര്‍ലി കിര്‍ക്ക്. ക്രൈസ്തവ വിശ്വാസവും വലതുപക്ഷ രാഷ്ട്രീയ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചതിന് യാഥാസ്ഥിതിക വിഭാഗങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
Charlie Kirk murder case: Tyler Robinson’s trial to begin in June 2028
















