ജെന്‍സന്‍ ഹുവാങ്ങിനും എന്‍വിഡിയയ്ക്കുമെതിരെ ആറുമാസം മുമ്പേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ക്രിസ്റ്റ്യന്‍ ലമാര്‍ക്കോ ഇന്ന് ചര്‍ച്ചകളില്‍ നിറയുന്നു

ജെന്‍സന്‍ ഹുവാങ്ങിനും എന്‍വിഡിയയ്ക്കുമെതിരെ ആറുമാസം മുമ്പേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ക്രിസ്റ്റ്യന്‍ ലമാര്‍ക്കോ ഇന്ന് ചര്‍ച്ചകളില്‍ നിറയുന്നു

വാഷിങ്ടണ്‍: എന്‍വിഡിയയ്ക്കും സിഇഒ ജെന്‍സന്‍ ഹുവാങ്ങിനുമെതിരെ ആറുമാസം മുമ്പേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ നിക്ഷേപ ഗവേഷകന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ ആഗോള സാമ്പത്തിക ലോകത്ത് ചര്‍ച്ചയാകുന്നു. ഓഹരികളുടെ വില ഇടിയുമെന്ന് കണക്കുകൂട്ടി വാതുവെപ്പ് നടത്തുന്ന ഷോര്‍ട്ട് സെല്ലിങ് സ്ഥാപനമായ കല്‍പര്‍ റിസര്‍ച്ചിന്റെ സ്ഥാപകന്‍ ക്രിസ്റ്റ്യന്‍ ലമാര്‍ക്കോയാണ് എന്‍വിഡിയയുടെ ചൈനീസ് ഇടപാടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. മേയില്‍ 40 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചെങ്കിലും അന്ന് അധികമാരും അത് ശ്രദ്ധിച്ചില്ല. എന്നാല്‍ ആറുമാസത്തിനിപ്പുറം എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങും ആലിസ് ഹുവാങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും ചൈനയുമായുള്ള കമ്പനിയുടെ വ്യാപാരബന്ധങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ റിപ്പോര്‍ട്ട് വീണ്ടും ശ്രദ്ധാകേന്ദ്രമായി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചൈന സന്ദര്‍ശിച്ച സമയത്താണ് ജെന്‍സന്‍ ഹുവാങ് ബെയ്ജിങ്ങിലെത്തിയത്. ഇതേ സമയത്താണ് 31-കാരനായ ലമാര്‍ക്കോ എന്‍വിഡിയയുടെ ചൈനീസ് ബിസിനസിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് വനിത ആലിസ് ഹുവാങുമായി എന്‍വിഡിയ മേധാവിക്കുള്ള അടുപ്പത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ അടുത്തതാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ഇത് എഐ മേഖലയ്‌ക്കെതിരായ വാതുവെപ്പല്ല. ചൈനയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നമാണ് എന്‍വിഡിയയ്ക്കുള്ളത്. അതുകൊണ്ടാണ് കമ്പനിയുടെ ഓഹരികള്‍ക്കെതിരെ ഞങ്ങള്‍ നിലപാടെടുത്തത്’ എന്നായിരുന്നു ലമാര്‍ക്കോയുടെ വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ അടുത്ത ദിവസം എന്‍വിഡിയ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് വിപണി കാര്യമായി പരിഗണിച്ചില്ല.

എന്നാല്‍ ആറുമാസത്തിനിപ്പുറം സ്ഥിതിഗതികള്‍ മാറി. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ചൈനീസ് ചാരയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങുമായി ജെന്‍സന്‍ ഹുവാങ്ങിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും പിന്നീട് വിവാഹേതര ബന്ധം ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെ ലമാര്‍ക്കോയുടെ പഴയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയായി. ഈ ആഴ്ച എന്‍വിഡിയയുടെ ഓഹരികളില്‍ ഏകദേശം 600 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന സ്ഥാനത്തുനിന്ന് എന്‍വിഡിയ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ‘ചിലപ്പോള്‍ ആളുകള്‍ നിങ്ങള്‍ പറയുന്നത് ശ്രദ്ധിക്കും, ചിലപ്പോള്‍ ശ്രദ്ധിക്കില്ല. ഈ സാഹചര്യത്തില്‍ ആറുമാസം കഴിഞ്ഞാണ് അവര്‍ ശ്രദ്ധിച്ചത്’ എന്ന് വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ലമാര്‍ക്കോ പറഞ്ഞു. ഒരുകാലത്ത് പരിഹസിക്കപ്പെട്ട റിപ്പോര്‍ട്ട് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുകിട കമ്പനികള്‍ക്കെതിരെയും ലമാര്‍ക്കോ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ടെലിഹെല്‍ത്ത് കമ്പനിയായ ലൈഫ്എംഡിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 2021-ല്‍ 21 ഡോളറായിരുന്ന ഓഹരി വില ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ഡോളറില്‍ താഴെയെത്തിയിരുന്നു. ടെക്‌നോഗ്ലാസ് എന്ന കമ്പനിക്ക് മെക്‌സിക്കോയിലെ സിനലോവ മയക്കുമരുന്ന് കാര്‍ട്ടലുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ കമ്പനി ആരോപണം നിഷേധിക്കുകയും മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ലമാര്‍ക്കോയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്‍വിഡിയയ്‌ക്കെതിരായ റിപ്പോര്‍ട്ടിന് മുമ്പ്, താന്‍ വാതുവെപ്പ് നടത്തിയിരുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ കമ്പനിയുടെ ഇലക്ട്രിക് എയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ തയാറായാല്‍ ഒരു മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ടെലിവിഷന്‍ അവതാരകന്‍ ജിമ്മി ഫാലണിന് അദ്ദേഹം വെല്ലുവിളിയും നല്‍കിയിരുന്നു. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. അന്ന് അവഗണിക്കപ്പെട്ടിരുന്ന ലമാര്‍ക്കോയുടെ എന്‍വിഡിയ റിപ്പോര്‍ട്ട് ഇപ്പോള്‍ ആഗോള സാങ്കേതിക-സാമ്പത്തിക മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

Christian Lamarko, who leveled serious allegations against Jensen Huang and Nvidia six months ago, is now at the center of discussions.
Share Email
LATEST excelnclexrn
Top