തിരുവനന്തപുരം: പുതിയ വാഹനങ്ങൾ വാങ്ങുന്നത് ധൂർത്താണെന്ന മുൻ നിലപാട് തിരുത്തി, മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികൾക്കുമായി 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. 9 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഇന്നോവ ഹൈക്രോസ് സ്ട്രോങ് ഹൈബ്രിഡ് കാറുകൾ വാങ്ങുന്നത്. മന്ത്രിമാർ ഉപയോഗിക്കുന്ന നിലവിലെ വാഹനങ്ങൾക്ക് കാലപ്പഴക്കം ചെന്നതിനാലാണ് പുതിയ കാറുകൾ വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർക്കാർ ഉത്തരവിലെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ കാറടക്കം മാറ്റി മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകളും, സംസ്ഥാനത്തേക്കെത്തുന്ന അതിഥികൾക്കായി 2 കാറുകളുമാണ് വാങ്ങുന്നത്.
അധികാരമേറ്റ ആദ്യ ദിവസങ്ങളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് ധൂർത്താണെന്ന സന്ദേശം നൽകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ ഫയലുകൾ തടഞ്ഞുവെച്ചത് വലിയ കയ്യടി നേടിയിരുന്നു. പിണറായി സർക്കാരിന്റെ കാലത്തെ ആഡംബരങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന സതീശന്, ഭരണം ആറു മാസം പിന്നിടും മുൻപേ തന്റെ നിലപാട് പാടെ വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്.
ഓടിത്തളർന്ന ഔദ്യോഗിക വാഹനങ്ങളുടെ അവസ്ഥ തുടക്കത്തിലേ മന്ത്രിസഭാംഗങ്ങൾക്കിടയിൽ അതൃപ്തിക്കും മുറുമുറുപ്പിനും ഇടയാക്കിയിരുന്നു. പുതിയ കാറുകൾ വേണ്ടെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ മന്ത്രി കെ.എം. ഷാജിക്ക് പിന്നാലെ കൂടുതൽ മന്ത്രിമാർ സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെച്ച് യാത്ര ചെയ്യാൻ തുടങ്ങിയതും വിവാദമായിരുന്നു. സുരക്ഷിത യാത്രയ്ക്ക് വേണ്ടിയാണ് കാറുകൾ വാങ്ങുന്നതെന്ന മുൻ സർക്കാരിന്റെ അതേ വാദത്തിലേക്ക് തന്നെയാണ് ഇപ്പോൾ പുതിയ സർക്കാരും എത്തിച്ചേർന്നിരിക്കുന്നത്.















