കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇരുവിഭാഗങ്ങളും യോജിപ്പിലെത്തിയാൽ വലിയ ശക്തിയാകുമെന്നും അത് കേരളത്തിന്റെ തന്നെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭകളുടെ യോജിപ്പിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകളും ശ്രമങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങിൽ ചലച്ചിത്ര താരം മമ്മൂട്ടിക്ക് പ്രഥമ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പുരസ്കാരം പാത്രിയാർക്കീസ് ബാവ സമ്മാനിച്ചു. വിദ്വേഷം നിറയുന്ന കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമ്മൂട്ടി, എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിനായി നമ്മൾ തന്നെ മുൻകയ്യെടുക്കണമെന്നും പറഞ്ഞു. ശത്രുക്കളെ സൗഹൃദത്തിലൂടെ മിത്രങ്ങളാക്കിയാണ് താൻ ഇല്ലാതാക്കുന്നതെന്ന ജീവിതപാഠവും അദ്ദേഹം പങ്കുവെച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്നത് സമാധാനമാണെന്നും ആരും കലഹിക്കാതെയുള്ള ഒരു കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു.
മലയാളിയുടെ മനസ്സിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്നും അദ്ദേഹം ദൈവം സ്പർശിച്ച മനുഷ്യനാണെന്നും ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രശംസിച്ചു. ‘മമ്മൂട്ടിയെന്നാൽ സിനിമ, സിനിമയെന്നാൽ മമ്മൂട്ടി’ എന്നതാണ് മലയാളിയുടെ വികാരം. ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ മമ്മൂട്ടി നടത്തുന്ന ക്ലൈമാക്സ് പ്രസംഗം കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നും ഒരു കലാകാരന്റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ എത്രത്തോളം സ്പർശിക്കാനാകുമെന്നതിന്റെ ഉദാഹരണമാണതെന്നും കാതോലിക്ക ബാവ ഓർമ്മിച്ചു.
സിനിമാലോകത്തുനിന്ന് ഒരാൾ ഇത്തരമൊരു വേദിയിൽ എത്തുന്നത് അപൂർവമാണെന്ന് മമ്മൂട്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. അന്തരിച്ച ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച അനുഭവങ്ങളും അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു.
















