ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കുന്നു

ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കുന്നു

ഡാളസ് :കേരള ലിറ്റററി സൈസൈറ്റി ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് എട്ടിനാണ് ചര്‍ച്ച.
സുപരിചിതനായ അമേരിക്കന്‍ മലയാളി എഴുത്തുകാരനാണ് ജോസ് ഓച്ചാലില്‍. നല്ലൊരു കവിയും കഥാകാരനുമാണ്. അനേകം ഭക്തി ഗാനങ്ങളൂം ആല്‍ബംസോങ്ങ്‌സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെയും മുന്‍ പ്രസിഡന്റായ ജോസ് ഓച്ചാലില്‍ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്.
ജീവിതം ഒരു തീര്‍ത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങള്‍, നന്മതന്‍ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികള്‍ എന്ന കഥാസമാഹാരവും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ കുടിയേറ്റ ജീവിതത്തിലെ അപൂര്‍വ്വമായ അനുഭവങ്ങള്‍ ഈ പുസ്തകങ്ങളില്‍ വായിക്കാം.

ഇദ്ദേഹത്തെ ഒരിക്കല്‍ പരിചയപ്പെട്ടിട്ടുള്ളവര്‍ പിന്നെ ഒരിക്കലും മറക്കില്ല. എല്ലാവരോടും ഓച്ചാലിസാര്‍ വളരെ സരസമായിട്ടാണ് സംസാരിക്കുന്നത്. സംസാരത്തിലൊക്കെ നര്‍മ്മം നന്നായി ചേര്‍ത്തിരിക്കും. എഴുതിയ കഥകളുടെ ഒരു നൂറിരട്ടി സാഹിത്യ സദസ്സുകളില്‍ പറഞ്ഞിട്ടുണ്ടാകും. കേട്ടവരൊന്നും അത് മറക്കാന്‍ വഴിയില്ല.

തിരുവല്ലയ്ക്കടുത്ത് തിരുവന്‍വണ്ടൂരില്‍ ഓച്ചാലില്‍ കുടുംബത്തില്‍ വിദ്വാന്‍ പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒന്‍പതു മക്കളില്‍ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. പാരമ്പര്യമായി ലഭിച്ച കലോപാസനയും ഭാഷസ്‌നേഹവും പ്രകടമാക്കും വിധം കലാസൃഷ്ടികള്‍ യൗവനാരംഭത്തില്‍ തന്നെ രചിക്കുവാന്‍ തുടങ്ങി. ഡാളസ്സിലെ FMC യില്‍ വളരെക്കാലം ജോലി ചെയ്തു. ഇപ്പോള്‍ ഡാളസില്‍ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ :- ആന്‍സി ജോസഫ് , മക്കള്‍ :- അഞ്ജു, അബു, സാം.

കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കുവാനായി സൂമിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. സമയം 2026 നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 8 മണി (CST) സൂം മീറ്റിംഗ് ഐഡി :- 858 5470 0759
കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി ആദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗില്‍ ജോണ്‍ മാത്യു ഹ്യൂസ്റ്റണ്‍, ജെ. മാത്യൂസ് ന്യൂയോര്‍ക്ക്, സാമുവേല്‍ യോഹന്നാന്‍ (ലാന പ്രസിഡന്റ്), പി. പി. ചെറിയാന്‍, സി. വി. ജോര്‍ജ്, സാറ ചെറിയാന്‍, മീനു എലിസബത്ത് എന്നിവര്‍ ജോസ് ഓച്ചലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും എഴുത്തു ജീവിതത്തെക്കുറിച്ചും സംസാരിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പങ്കെടുക്കും. കെ.എല്‍.എസ് ജോയിന്റ് സെക്രട്ടറി ഡോ. ദര്‍ശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിക്കും.
ഈ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കേരള ലിറ്റററി സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 915 613 6566 എന്ന നമ്പരില്‍ നിന്നും ലഭിക്കും.
എന്ന്
ബാജി ഓടംവേലി (915 613 6566) സെക്രട്ടറി
കേരള ലിറ്റററി സൊസൈറ്റി, ഡാളസ്

Discussion Session – The Writing Life; Jose Ochalil

Share Email
LATEST excelnclexrn
More Articles
Top