അപ്പാര്‍ട്ട്‌മെന്റിലെ പൂപ്പല്‍ പ്രശ്‌നത്തെച്ചൊല്ലി തര്‍ക്കം;വാഷിംഗ്ടണില്‍ കെട്ടിട മാനേജരെ വെടിവെച്ചു കൊന്നശേഷം ഡോക്ടര്‍ ജീവനൊടുക്കി

അപ്പാര്‍ട്ട്‌മെന്റിലെ പൂപ്പല്‍ പ്രശ്‌നത്തെച്ചൊല്ലി തര്‍ക്കം;വാഷിംഗ്ടണില്‍  കെട്ടിട മാനേജരെ വെടിവെച്ചു കൊന്നശേഷം ഡോക്ടര്‍ ജീവനൊടുക്കി

വാഷിംഗ്ടണ്‍: അപ്പാര്‍ട്ട്‌മെന്റിലെ പൂപ്പല്‍ പ്രശ്‌നവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തര്‍ക്കത്തെയും തുടര്‍ന്ന് താമസക്കാരനായ ഡാക്ടര്‍ നടത്തിയ വെടിവെപ്പില്‍ കെട്ടിട മാനേജര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ ഡോക്ടര്‍ മാറ്റ് വേഡ് ലാംബര്‍ട്ട് പിന്നീട് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. വാഷിംഗ്ടണിലെ ലോഗന്‍ സര്‍ക്കിള്‍ മേഖലയിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കൊല്ലപ്പെട്ട കെട്ടിട മാനേജര്‍ ജെയിംസ് സ്റ്റുവര്‍ട്ടിന് 46 വയസ്സായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജിമ്മിനുള്ളിലാണ് ആദ്യം വെടിവെപ്പ് ഉണ്ടായത്. തുടര്‍ന്ന് ലാംബര്‍ട്ട് കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കയറി വാതിലടച്ച് സ്വയം ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന് നേരെയും രണ്ട് തവണയെങ്കിലും വാതിലിലൂടെ വെടിയുതിര്‍ത്തതായി മെട്രോപൊളിറ്റന്‍ പൊലീസ മേധാവി ജെഫ്രി കരോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിയുമായി ഫോണിലൂടെ ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ വെടിയൊച്ച കേട്ടതായും തുടര്‍ന്ന് ഇയാള്‍ പ്രതികരിക്കാതായതായും പൊലീസ് വ്യക്തമാക്കി. പിന്നീട് അപ്പാര്‍ട്ട്‌മെന്റിനുള്ളിലേക്ക് പ്രവേശിച്ച ഉദ്യോഗസ്ഥര്‍ സ്വയം വെടിയേറ്റ നിലയില്‍ ലാംബര്‍ട്ടിനെ കണ്ടെത്തുകയായിരുന്നു.

കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍, വെള്ളം ചോര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍, പൂപ്പല്‍ ബാധ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ലാംബര്‍ട്ടും കെട്ടിട മാനേജ്‌മെന്റും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാംബര്‍ട്ട് കെട്ടിട മാനേജ്‌മെന്റിനെതിരെ സിവില്‍ കേസ് നല്‍കിയിരുന്നു. ഈ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജിമ്മില്‍ വെടിവെപ്പ് നടത്തിയശേഷം ഏഴാം നിലയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലേക്ക് മാറിയ പ്രതി താഴത്തെ നിലയിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കുനേരെയും വെടിയുതിര്‍ത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ ആക്രമണത്തിനിരയായവരുമായി പ്രതിക്ക് എന്തെങ്കിലും വ്യക്തിപരമായ ബന്ധമുണ്ടായിരുന്നോയെന്ന് വ്യക്തമല്ല.

പ്രതിയുടെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് മൂന്ന് തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ ഈ മൂന്ന് തോക്കുകളും ഉപയോഗിച്ചതായാണ് കരുതുന്നത്. വാഷിങ്ടണില്‍ തോക്കുകള്‍ രജിസ്റ്റര്‍ ചെയ്തതായി ലാംബര്‍ട്ടിന്റെ പേരില്‍ രേഖകളില്ലാത്തതിനാല്‍ ഇവ എങ്ങനെയാണ് ഇയാള്‍ക്ക് ലഭിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ നിറച്ച പാത്രങ്ങളും കണ്ടെത്തി. പെട്രോളോ മറ്റേതെങ്കിലും തീപിടിക്കുന്ന ദ്രാവകമോ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. സംഭവസമയത്ത് കെട്ടിടത്തില്‍ തീപിടിത്ത മുന്നറിയിപ്പ് മുഴങ്ങിയതായും താമസക്കാര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെടിവെപ്പ് നടക്കുമ്പോള്‍ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന മൈക്കല്‍ കാര്‍ണി ആദ്യം കേട്ടത് വലിയൊരു ശബ്ദമായിരുന്നുവെന്നും പിന്നീട് ഒരാള്‍ വെടിയേറ്റ് നിലത്ത് കിടക്കുന്നത് കണ്ടതായും മാധ്യമങ്ങളോട് പറഞ്ഞു. ആളുകള്‍ ചെടിച്ചട്ടികള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടിടത്തില്‍ താമസിക്കുന്ന ബിബിസി നിര്‍മാതാവ് ജോനാഥന്‍ സാപോയും വെടിയൊച്ചയും പുകയും കണ്ടതായി വെളിപ്പെടുത്തി.

Dispute over mold issue in apartment; doctor shoots building manager in Washington, then takes his own life

Share Email
LATEST excelnclexrn
More Articles
Top