ന്യൂഡൽഹി: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിയും കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതും ട്രോളുകളിലൂടെ ആഘോഷമാക്കി ഇന്ത്യൻ സോഷ്യൽ മീഡിയ. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് നേരത്തേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് പരിഹാസങ്ങൾക്ക് ആധാരമാകുന്നത്.
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ടർ രജിസ്ട്രേഷൻ നടത്തുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് സേവ് ആക്ട്. ഈ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയാണ് ഇന്ത്യയിലെ വോട്ടർ ഐഡി സംവിധാനത്തെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ട്രംപ് പ്രശംസിച്ചത്. ഫോട്ടോ പതിച്ച വോട്ടർ ഐഡി ഇല്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ യുഎസ് ഉദ്യോഗസ്ഥരോട് ചോദിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ട്രംപിന്റെ പരാമർശത്തിനെതിരെ അന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹാസവുമായി രംഗത്തെത്തി. “ബഹുമാനപ്പെട്ട ട്രംപ്, ദയവായി ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ” എന്നായിരുന്നു ഖേരയുടെ എക്സിലെ കുറിപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടിയിലൂടെ 13 കോടി ആളുകൾ പട്ടികയിൽനിന്ന് പുറത്തായെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് “To SIR With Love, from India” എന്ന കുറിപ്പോടെ അദ്ദേഹം ട്രംപിന് മറുപടി നൽകിയത്.
ഇപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടുകയും ട്രംപ് പരാജയം സമ്മതിക്കുകയും ചെയ്തതോടെ വിഷയം വീണ്ടും ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ചർച്ചയായി. “ഫ്രണ്ട് ഡൊണാൾഡിന് ഗ്യാനുവിനെ വേണം…” (Fraand Doland needs Gyanu…) എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ എക്സിലെ പരിഹാസം. അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഗ്യാനേഷ് കുമാറിനെപ്പോലൊരാളുടെ സഹായം ട്രംപിന് ആവശ്യമാണെന്നായിരുന്നു കുറിപ്പിന്റെ ധ്വനി.
“ഗ്യാനേഷ് കുമാർ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു” എന്നായിരുന്നു അഭിജിത് ദിപ്കെയുടെ പരിഹാസം.
ഇന്ത്യയിലെ ഇറാൻ എംബസിയും ട്രംപിനെ പരിഹസിച്ചുകൊണ്ട് എക്സിൽ വീഡിയോ പങ്കുവെച്ചു. യുഎസ് പ്രസിഡന്റ് ബോധരഹിതനായി വീഴുന്നതും പിന്നീട് വൈറ്റ് ഹൗസിൽനിന്ന് വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ‘അപകടകരമായ മാലിന്യം’ എന്നെഴുതിയ ചവറ്റുകൊട്ടയിൽ തള്ളുന്നതുമാണ് വീഡിയോയിലുള്ളത്.














