പരിശോധനയ്‌ക്കെത്തിയ എട്ടുവയസുകാരനെ ഐസിഇ ഫെഡറല്‍ കസ്റ്റഡിയിലെടുത്തു: ആശങ്കയിലായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും

പരിശോധനയ്‌ക്കെത്തിയ എട്ടുവയസുകാരനെ ഐസിഇ ഫെഡറല്‍ കസ്റ്റഡിയിലെടുത്തു: ആശങ്കയിലായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും

വാഷിംഗടണ്‍: കുടിയേറ്റകാര്യ പരിശോധനയ്ക്കായി ബന്ധുക്കള്‍ക്കൊപ്പം നേരിട്ടെത്തിയ എട്ടുവയസ്സുകാരനായ ഹെയ്തി ബാലനെ ഫെഡറല്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഈ വര്‍ഷം ആദ്യം താല്‍ക്കാലിക സംരക്ഷിത പദവി നഷ്ടമായ കുട്ടിയെയാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കസ്റ്റഡിയിലെടുത്തത്. സാന്‍ ഡിയാഗോയിലെ ഫേ എലിമെന്ററി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. വ്യാഴാഴ്ച അമ്മാവനോടൊപ്പം ഐസിഇയുടെ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് കുട്ടിയെ ഒറ്റയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് സ്‌കൂള്‍ അധികൃതരും മനുഷ്യാവകാശ പ്രവര്‍ത്തകരും അറിയിച്ചു.

കുട്ടിയുടെ പിതാവിനെ ഒരു വര്‍ഷത്തിനു മുമ്പ് മെക്‌സിക്കോയിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്ന് അമ്മാവനൊപ്പമായിരുന്നു താമസം. ഐസിഇ ഉദ്യോഗസ്ഥനെ കാണണമെന്ന് ആവശ്യപ്പെട്ട് എട്ടുവയസ്സുകാരന് കത്ത് ലഭിച്ചിരുന്നുവെന്നും നിയമം ലംഘിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് അമ്മാവന്‍ കുട്ടിയുമായി ഉദ്യോഗസ്ഥനെ കാണാന്‍ പോയതെന്നും സാന്‍ ഡിയാഗോ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് ആഭ്യന്തര സുരക്ഷാ വകുപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കി. കുട്ടിയുടെ പിതാവിനെ നാടുകടത്തിയപ്പോള്‍ നിയമപരമായ രക്ഷാകര്‍തൃത്വം അമ്മാവന് കൈമാറാനുള്ള അവസരം നല്‍കിയിരുന്നില്ലെന്ന് ഹെയ്തിയന്‍ ബ്രിഡ്ജ് അലയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗെര്‍ലിന്‍ ജോസഫ് ആരോപിച്ചു. സ്‌കൂള്‍ രേഖകളില്‍ അമ്മാവനെ കുട്ടിയുടെ അംഗീകൃത പരിചാരകനായി രേഖപ്പെടുത്തിയിരുന്നതായും സ്‌കൂള്‍ ബോര്‍ഡ് അംഗം കോഡി പീറ്റേഴ്‌സണ്‍ വ്യക്തമാക്കി.

എന്നാല്‍ അമ്മാവന് കുട്ടിയുടെ നിയമപരമായ രക്ഷാകര്‍തൃത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഐസിഇയുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെഡറല്‍ നിയമമായ ട്രാഫിക്കിങ് വിക്ടിംസ് പ്രൊട്ടക്ഷന്‍ റീഓതറൈസേഷന്‍ ആക്ട് പ്രകാരം കുട്ടിയെ ഒറ്റയ്ക്ക് കഴിയുന്ന കുടിയേറ്റ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയായി കണക്കാക്കിയെന്നാണ് അധികൃതര്‍ അറിയിച്ചത്. അമ്മാവനെതിരെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമോ കുട്ടിയോടുള്ള പീഡനമോ ആരോപിച്ചിട്ടില്ലെന്നും ഐസിഇ വ്യക്തമാക്കി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ബന്ധുക്കളില്‍നിന്ന് മാറ്റി ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റില്‍മെന്റിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയതെന്നും ഏജന്‍സി അറിയിച്ചു.

സ്‌കൂള്‍ അധികൃതരുടെയും മനുഷ്യാവകാശ സംഘടനയുടെയും വിവരമനുസരിച്ച് കുട്ടി ഇപ്പോഴും ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റില്‍മെന്റിന്റെ കസ്റ്റഡിയിലാണ്. കുട്ടിയെ കസ്റ്റഡിയിലെടുത്ത നടപടി ഐസിഇയ്ക്ക് നാടുകടത്തല്‍ നടപടികളിലേക്ക് കടക്കാനുള്ള ഒരു ന്യായീകരണമാണെന്ന് ഗെര്‍ലിന്‍ ജോസഫ് വിമര്‍ശിച്ചു. കുട്ടി നല്ല വസ്ത്രം ധരിച്ചിരുന്നുവെന്നും ബന്ധുക്കളുടെ സംരക്ഷണത്തില്‍ മികച്ച രീതിയിലാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ പറഞ്ഞു. പിതാവിനെ നേരത്തേ നാടുകടത്തിയ കാര്യം അറിയാമായിരുന്നിട്ടും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാതെ കുട്ടിയെ ബന്ധുക്കളില്‍നിന്ന് വേര്‍പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eight-year-old boy taken into federal ICE custody upon arrival for screening; relatives and human rights activists express concern.
Share Email
LATEST excelnclexrn
More Articles
Top