യുഎസ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മാര്‍ക്കോ റൂബിയോ അടുത്ത ആഴ്ച്ച പാരീസില്‍ ജി 7 ചര്‍ച്ചകളില്‍ പങ്കെടുക്കും

യുഎസ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മാര്‍ക്കോ റൂബിയോ അടുത്ത ആഴ്ച്ച പാരീസില്‍ ജി 7 ചര്‍ച്ചകളില്‍ പങ്കെടുക്കും

വാഷിംഗടണ്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തയാഴ്ച ഫ്രാന്‍സ് സന്ദര്‍ശിക്കും. പാരീസില്‍ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് റൂബിയോയുടെ യാത്ര. മധ്യപൂര്‍വേഷ്യയിലും യുക്രൈനിലും യുദ്ധസാഹചര്യം തുടരുന്നതിനിടെ നടക്കുന്ന യോഗത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. വെള്ളിയാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ നിയന്ത്രണം നേടിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള റൂബിയോയുടെ ആദ്യ വിദേശയാത്രയാണിത്. അമേരിക്കയുടെ വിദേശനയത്തില്‍ തെരഞ്ഞെടുപ്പ് ഫലം എന്ത് മാറ്റമുണ്ടാക്കുമെന്നത് വ്യക്തമല്ലെങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ജി7 യോഗം ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ വിലയിരുത്താന്‍ സഖ്യകക്ഷികള്‍ക്ക് അവസരമൊരുക്കും.

നവംബര്‍ എട്ടു മുതല്‍ 10 വരെയാണ് റൂബിയോയുടെ പാരീസ് സന്ദര്‍ശനം. ജി7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചകളിലൂടെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ മുന്നോട്ടുവെക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നീ ഏഴ് രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്. ആദ്യം മാര്‍സെയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന യോഗം അവസാന നിമിഷമാണ് പാരീസിലേക്ക് മാറ്റിയത്. ഭരണപരമായ കാരണങ്ങളാണ് മാറ്റത്തിന് പിന്നിലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന് പിന്തുണ നല്‍കുന്നതും മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതുമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. അമേരിക്കന്‍ മധ്യസ്ഥതയില്‍ റഷ്യ-യുക്രൈന്‍ ചര്‍ച്ചകള്‍ നവംബര്‍ 10, 11 തീയതികളില്‍ അബുദാബിയില്‍ നടക്കാനിരിക്കുകയാണ്. റഷ്യയുമായി യുക്രൈനും യൂറോപ്പും ഉള്‍പ്പെടുന്ന വിശാലമായ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ് വ്യാഴാഴ്ച പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ നേതാക്കളുമായി ദീര്‍ഘകാല സമാധാനത്തിനായുള്ള വിശാലമായ യൂറോപ്യന്‍ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ട്രംപിന്റെ പ്രതിനിധിയും മരുമകനുമായ ജാരഡ് കുഷ്‌നറും വ്യക്തമാക്കി.

അതേസമയം, റഷ്യയുടെ താല്‍പര്യപ്രകാരം യൂറോപ്യന്‍ സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന നീക്കത്തെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ദീര്‍ഘകാലമായി എതിര്‍ത്തുവരികയാണ്. ജി7 രാജ്യങ്ങള്‍ക്ക് പുറമെ സൗദി അറേബ്യ, ഈജിപ്ത്, ദക്ഷിണ കൊറിയ, ബ്രസീല്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ഫ്രാന്‍സിന്റെ ജി7 അധ്യക്ഷകാലാവധി അവസാനിക്കുകയും അടുത്തതായി അമേരിക്ക ചുമതലയേല്‍ക്കുകയും ചെയ്യും. ഇതിനിടെ, 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള നേതാക്കളിലൊരാളായി റൂബിയോയെ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാണ് പദ്ധതിയെന്നും പദവി ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റൂബിയോ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

Following the setback in the US election, Marco Rubio will participate in G7 discussions in Paris next week.

Share Email
LATEST excelnclexrn
Top