വാഷിംഗടണ്‍: യുഎസിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ റോക്ക്‌ഫെല്ലര്‍ കുടുംബത്തിലെ അവസാന രാഷ്ട്രീയ നേതാവും മുന്‍ വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണറും ദീര്‍ഘകാല യുഎസ് സെനറ്ററുമായ ജയിംസ് ‘ജേ’ റോക്ക്‌ഫെല്ലര്‍ അന്തരിച്ചു. 89 വയസായിരുന്നു. വ്യാഴാഴ്ച രാത്രി വാഷിങ്ടണിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ ഷാരോണ്‍ റോക്ക്‌ഫെല്ലര്‍ പ്രസിഡന്റും സിഇഒയുമായി പ്രവര്‍ത്തിക്കുന്ന പൊതുമാധ്യമ സ്ഥാപനമായ വെറ്റായിലെ വിദേശകാര്യ വിഭാഗം വൈസ് പ്രസിഡന്റ് മേരി സ്റ്റുവര്‍ട്ടാണ് മരണവിവരം അറിയിച്ചത്. കുടുംബത്തിലെ രാഷ്ട്രീയ പാരമ്പര്യം പിന്തുടര്‍ന്ന അവസാന അംഗവും ഏക ഡെമോക്രാറ്റുമായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നില്‍ ജനിച്ച റോക്ക്‌ഫെല്ലര്‍ തന്റെ ജീവിതത്തിന്റെ അരനൂറ്റാണ്ടും ചെലവഴിച്ചത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ പൊതുസേവനത്തിനായാണ്. 1964ല്‍ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെത്തിയ അദ്ദേഹം 1966ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയായും രണ്ട് തവണ ഗവര്‍ണറായും പ്രവര്‍ത്തിച്ചു. 1984ല്‍ യുഎസ് സെനറ്റിലെത്തിയ അദ്ദേഹം 30 വര്‍ഷം സെനറ്ററായി സേവനമനുഷ്ഠിച്ചു. 2015ല്‍ വിരമിച്ചപ്പോള്‍ ഇതിലും സംതൃപ്തി നല്‍കുന്ന മറ്റൊരു ഔദ്യോഗിക ജീവിതം സങ്കല്‍പ്പിക്കാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
പിതാവ് ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ മൂന്നാമന്‍ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ശ്രദ്ധേയരായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ റിപ്പബ്ലിക്കന്‍ രാഷ്ട്രീയ പാരമ്പര്യത്തില്‍നിന്ന് വ്യത്യസ്തമായി ഡെമോക്രാറ്റ് രാഷ്ട്രീയമാണ് ജേ റോക്ക്‌ഫെല്ലര്‍ തെരഞ്ഞെടുത്തത്. 1972ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആര്‍ച്ചി മൂര്‍ ജൂനിയറിനോട് പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്ത് തുടരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി.
ഗവര്‍ണറായിരിക്കെ റോഡുകള്‍, പാലങ്ങള്‍, അഴുക്കുചാല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് അദ്ദേഹം മുന്‍ഗണന നല്‍കി. സെനറ്റില്‍ വാണിജ്യം, ശാസ്ത്രം, ഗതാഗതം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം ഉപഭോക്തൃ അവകാശങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളുടെ വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. 1997ല്‍ ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രോഗ്രാം രൂപീകരിക്കുന്ന നിയമനിര്‍മാണത്തിലും നിര്‍ണായക പങ്കുവഹിച്ചു. വെറ്ററന്‍സ് അഫയേഴ്സ്, ഇന്റലിജന്‍സ് സമിതികളുടെയും അധ്യക്ഷനായി പ്രവര്‍ത്തിച്ച അദ്ദേഹം ഇറാഖ് യുദ്ധത്തിന് അനുമതി നല്‍കിയ 2002ലെ തന്റെ വോട്ടില്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം, കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ബരാക് ഒബാമ ഭരണകൂടത്തോട് വിയോജിപ്പും രേഖപ്പെടുത്തി.
ജപ്പാനിലെ ടോക്കിയോയില്‍ നടത്തിയ കോളേജ് പഠനം ജപ്പാനില്‍നിന്ന് വെസ്റ്റ് വെര്‍ജീനിയയിലേക്ക് വ്യവസായ നിക്ഷേപങ്ങള്‍ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് സഹായകമായി. ടൊയോട്ടയുടെ സ്ഥാപക കുടുംബവുമായി 1960കള്‍ മുതല്‍ ബന്ധമുണ്ടായിരുന്ന റോക്ക്‌ഫെല്ലര്‍, 1996ല്‍ വെസ്റ്റ് വെര്‍ജീനിയയിലെ ബഫലോയില്‍ എന്‍ജിന്‍ പാര്‍ട്‌സ് നിര്‍മാണശാല സ്ഥാപിക്കാന്‍ കമ്പനിയെ സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ആരംഭിച്ച ഈ പ്ലാന്റില്‍ ഇന്ന് 2,200ഓളം പേര്‍ ജോലി ചെയ്യുന്നു. നിലവിലെ വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ പാട്രിക് മോറിസി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ പൊതുസേവനത്തെയും സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള സംഭാവനകളെയും അനുസ്മരിച്ചു. രാഷ്ട്രീയ എതിരാളികളോടുപോലും സൗഹൃദവും ബഹുമാനവും പുലര്‍ത്തിയ നേതാവായാണ് റോക്ക്‌ഫെല്ലര്‍ ഓര്‍മിക്കപ്പെടുന്നത്.
Former West Virginia Governor James Rockefeller has passed away; he was 89.
















