വാഷിംഗ്ടണ്‍: ഫോക്സ് ന്യൂസ് അവതാരകനായിരുന്ന പീറ്റ് ഹെഗ്സെത്ത് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പദവിയിലേക്കുളള കടന്നു വരവ് അതിവേഗമായിരുന്നു. ഇന്ന് ആ പദവി നിലനിര്‍ത്താന്‍ കടുത്ത വെല്ലുവിളി നേരിടുന്ന കാഴ്ച്ചയാണ് യുഎസ് രാഷ്ട്രീയൃ വാര്‍ത്തകളില്‍ നിന്നും പുറത്തുവരുന്നത്. . മുന്‍ നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനായ 46 കാരന് പ്രതിരോധ വകുപ്പിന്റെ തലപ്പത്തെത്തിയിട്ട് രണ്ട് വര്‍ഷം തികയുന്നതിന് മുമ്പുതന്നെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്കായുള്ള പ്രമേയം അവതരിപ്പിച്ചതോടെ വിവാദങ്ങള്‍ വീണ്ടും ശക്തമായി. ട്രംപിന്റെ രാഷ്ട്രീയ എതിരാളിയായ മാസി ഹെഗ്സെത്തെ പദവിയില്‍ നിന്ന് നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
തനിക്കെതിരായ ആരോപണങ്ങളെ നേരിടാന്‍ തയ്യാറാണെന്ന് ഹെഗ്സെത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത തീരുമാനങ്ങളിലും സൈനിക നേതൃത്വത്തിന്റെ ധീരമായ നടപടികളിലും സൈനികരുടെ കഴിവിലും തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം പ്രതിരോധ വകുപ്പിനെ അനൗദ്യോഗികമായി യുദ്ധവകുപ്പ് എന്ന് വിശേഷിപ്പിക്കുന്നതിനിടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഹെഗ്സെത്ത് ശ്രമിച്ചത്. പെന്റഗണിലെ വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ പദ്ധതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കാനും പുതിയ നിയമനങ്ങള്‍ തടയാനും ശ്രമിച്ചു.
ഇതിനിടെ ഹെഗ്സെത്തിന്റെ വിവാദ പ്രസ്താവനകളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാ ക്കിയിരുന്നു. സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അമിതവണ്ണമുള്ളവരെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും താടിവളര്ത്തുന്നവരെയും വിചിത്രരെയും സൈന്യത്തില്‍ ആവശ്യമില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ടും ഹെഗ്സെത്ത് കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. സൈനിക ഇടപെടലുകളില്‍ കോണ്‍ഗ്രസിന്റെ കൂടിയാലോചനയും മേല്‍നോട്ടവും ഉറപ്പാക്കുന്ന വാര് പവേഴ്സ് റെസല്യൂഷന്‍ ലംഘിച്ചുവെന്നാണ് ഇംപീച്ച്മെന്റ് പ്രമേയത്തിലെ പ്രധാന ആരോപണങ്ങളിലൊന്ന്. ഇറാനുമായുള്ള ദീര്‍ഘകാല യുദ്ധത്തെ അദ്ദേഹം ധീരവും ചരിത്രപരവുമായ സൈനിക നീക്കമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
പ്രതിരോധ സെക്രട്ടറിയാകുന്നതിന് മുമ്പും ശേഷവും ഹെഗ്സെത്ത് നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. വെറ്ററന്‍സ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍, അമിത മദ്യപാനം, കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം എന്നിവ നിയമന നടപടികള്‍ക്കിടെ ഉയര്‍ന്നിരുന്നു. പിന്നീട് യെമനിലെ സൈനികാക്രമണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചര്‍ച്ച ചെയ്ത സിഗ്നല്‍ ഗ്രൂപ്പില്‍ ‘ദി അറ്റ്ലാന്റിക്’ മാസികയുടെ എഡിറ്റര്‍ ഇന്‍ ചീഫിനെ അബദ്ധത്തില്‍ ഉള്‍പ്പെടുത്തിയ സംഭവവും വിവാദമായി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും മയക്കുമരുന്ന് കടത്ത് ആരോപിക്കപ്പെട്ട ബോട്ടുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളും വിമര്‍ശനത്തിന് കാരണമായി. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടവരെ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരം നടപടികളെ നിയമവിരുദ്ധ കൊലപാതകങ്ങളെന്നാണ് തോമസ് മാസി വിശേഷിപ്പിച്ചത്.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതും ഹെഗ്സെത്തിന്റെ നേതൃത്വത്തി നെതിരെ വിമര്‍ശനമുയര്‍ത്തി. മുന്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ജനറല്‍ ചാള്‍സ് ‘സി.ക്യു’ ബ്രൗണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ വ്യക്തമായ വിശദീകരണമില്ലാതെ പുറത്താക്കിയെന്നാണ് ആരോപണം. സൈന്യത്തെ രാഷ്ട്രീയവല്ക്കരിക്കുന്നതായും ജനാധിപത്യ മൂല്യങ്ങള്‍ക്കായുള്ള ഇടപെടലുകളെ എതിര്‍ക്കുന്ന നിലപാടും വിമര്‍ശനത്തിന് വിധേയമായി. എന്നാല്‍ യുദ്ധങ്ങള്‍ തടയുകയും അമേരിക്കയുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യമെന്ന് ഹെഗ്സെത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ അമേരിക്കന്‍ സൈനിക നീക്കവും പിന്നീട് ഇറാനെതിരായ യുദ്ധവും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ എതിര്‍ത്തിരുന്ന തരത്തിലുള്ള സൈനിക ഇടപെടലുകള്‍ ഇപ്പോള്‍ ഹെഗ്സെത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നാണ് വിമര്‍ശനം.
From Fox News host to US Defense Chief; Pete Hegseth’s position at risk amid controversies
















