ചിക്കാഗോ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറല്‍ പ്രസിഡന്റും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. വല്സന് ഏബ്രഹാമിന്റെ (74) സംസ്കാരം ഡിസംബര്‍ 6 ന് കാലിഫോര്‍ണിയായില്‍ നടക്കും. രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബര്‍ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്.
ഐപിസി സ്ഥാപക നേതാക്കളില്‍ ഒരാളായ പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റര്‍ ടി.എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്.
ഇന്ത്യ ഗോസ്പല്‍ ഔട്ട്റീച്ച് സ്ഥാപകനും പ്രസിഡന്റുമായ അദ്ദേഹം ഇന്ത്യ ബൈബിള്‍ കോളജ് ആന്‍ഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1984 മുതല്‍ ഇന്ത്യയിലുടനീളം സഭാ സ്ഥാപനത്തിനും മിഷനറിമാരുടെയും സഭാ നേതാക്കളുടെയും പരിശീലനത്തിനും നേതൃത്വം നല്കി.
2006 മുതല്‍ 2013 വരെ ഐപിസി ജനറല്‍ സെക്രട്ടറിയായും 2019 മുതല്‍ ജനറല്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലിയുടെ സ്ഥാപകനും സീനിയര്‍ പാസ്റ്ററുമാണ്. 1982-ല്‍ ഭാര്യ ലാലി ഏബ്രഹാമിനൊപ്പം തെക്കന്‍ കാലിഫോര്‍ണിയയില്‍ പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. കുമ്പനാട് കണ്‍വന്‍ഷനുകളിലൂടെയും അന്തര്‍ദേശീയതലത്തില്‍ വിവിധ വേദികളില്‍ ഇംഗ്ലീഷ് പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെ തന്നെ അദ്ദേഹം ഏറെ സ്വാധീനിച്ചിരുന്നു.
ഭാര്യ: ലാലി ഏബ്രഹാം. മക്കള്‍ : സ്നേഹ, ആന്‍, സന്തോഷ് , ആഷ (എല്ലാവരും യുഎസ്എ).
സഹോദരിമാര്‍: ആനി ജേക്കബ് , സ്റ്റാര്‍ല ലൂക്ക് (കുമ്പനാട്), ഷേര്‍ലി ചാക്കോ (യുഎസ്എ).
വാര്‍ത്ത കുര്യന് ഫിലിപ്പ്
Funeral of Dr. T. Valsan Abraham to be held in California on December 5th
















