ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി; നിയമനിർമ്മാണ സഭകൾ ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നും നിർദ്ദേശം

ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി; നിയമനിർമ്മാണ സഭകൾ ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നും നിർദ്ദേശം

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ (ജുവനൈൽ) പ്രായപരിധി നിലവിലെ 18 വയസ്സിൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങളും പ്രവണതകളും വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഉചിതമായ നിയമഭേദഗതികൾ വരുത്തുന്നത് ആലോചിക്കേണ്ട സമയം അതിക്രമിച്ചതായും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിളമ്പുന്നതും വിൽക്കുന്നതും കർശനമായി തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിർദ്ദേശം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സമീപകാലത്ത് 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പരാമർശിച്ചു. നെടുമ്പാശ്ശേരിയിൽ 19-കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഹർജിയിൽ ഉന്നയിച്ചിരുന്നു. നിയമപരമായ വിലക്കുകൾ നിലനിൽക്കുമ്പോഴും പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാകുന്ന സാഹചര്യത്തിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ എക്സൈസ് കമ്മീഷണറോട് നിർദ്ദേശിച്ചു.

Share Email
LATEST excelnclexrn
Top