ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ നടന്ന ജൗൽജിബി മേളയിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎ മൈക്കും കസേരയും വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ധാർചുല മണ്ഡലത്തിലെ എംഎൽഎ ഹരീഷ് ധാമിയാണ് വേദിയിൽ അക്രമാസക്തനായത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മേള ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെയായിരുന്നു എംഎൽഎയുടെ പ്രതിഷേധം. മേളയുടെ അധ്യക്ഷനായിട്ടും മുഖ്യമന്ത്രിക്ക് മുന്നിൽ നാട്ടുകാരുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച അദ്ദേഹം, മൈക്ക് ജനക്കൂട്ടത്തിനുനേരെ വലിച്ചെറിഞ്ഞ ശേഷം വേദിവിട്ടു. ഇറങ്ങിപ്പോകുന്നതിനിടെ കസേര മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ എടുത്തെറിയുകയും ഇവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത എംഎൽഎ, തുടർന്ന് പ്രവർത്തകർക്കൊപ്പം വേദിയിലേക്ക് കയറി പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് എത്തി ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കനാർ മേഖലയിലെ റോഡ് ഗതാഗത പ്രശ്നങ്ങളും സ്ത്രീ സുരക്ഷയുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ആഗ്രഹിച്ചിരുന്നതെന്ന് ഹരീഷ് ധാമി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള വേദിയാണ് മേളയെന്നും, അത് സർക്കാരിനെ പുകഴ്ത്താനുള്ള വേദി മാത്രമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എംഎൽഎയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപമാനിച്ചെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സമയപരിമിതി കാരണം ചടങ്ങിന്റെ ദൈർഘ്യം നേരത്തേ തന്നെ കുറച്ചിരുന്നുവെന്നും ബിജെപി വിശദീകരിച്ചു.
















