ഇറാന്‍ യുദ്ധം: പീറ്റ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിന് പ്രമേയം അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി

ഇറാന്‍ യുദ്ധം: പീറ്റ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നീക്കത്തിന് പ്രമേയം അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമിട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം. കെന്റക്കിയില്‍ നിന്നുള്ള ജനപ്രതിനിധി തോമസ് മാസിയാണ് തിങ്കളാഴ്ച ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം ആരംഭിക്കുകയും പ്രതിരോധ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ഹെഗ്‌സെത്തിനെതിരായ പ്രധാന ആരോപണം. എട്ട് കുറ്റാരോപണങ്ങളാണ് പ്രമേയത്തിലുള്ളത്. ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കം. ബുധനാഴ്ച തന്നെ ജനപ്രതിനിധി സഭയില്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങളും ഡെമോക്രാറ്റുകള്‍ക്കൊപ്പം പ്രമേയത്തെ പിന്തുണച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കും. എന്നാല്‍ പ്രമേയം പാസായാലും ഹെഗ്‌സെത്തിന് ഉടന്‍ സ്ഥാനം നഷ്ടമാകില്ല. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷ പിന്തുണയോടെ ഇംപീച്ച്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ വിഷയം സെനറ്റിലേക്ക് പോകും. അവിടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ മാത്രമേ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാന്‍ കഴിയൂ. ജനുവരി മുതല്‍ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ ഏറ്റെടുക്കുമെങ്കിലും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും അനിവാര്യമാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ വിജയം നേടിയിരുന്നു. ഇറാന്‍ യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും കുതിച്ചുയരുന്ന ഇന്ധനവിലയുമാണ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായ പ്രധാന ഘടകങ്ങളെന്നാണ് വിലയിരുത്തല്‍.

ട്രംപിന്റെ കടുത്ത വിമര്‍ശകനായ തോമസ് മാസി പ്രത്യേക പാര്‍ലമെന്ററി നടപടിക്രമം ഉപയോഗിച്ചാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ഇതിലൂടെ രണ്ട് നിയമനിര്‍മാണ ദിവസങ്ങള്‍ക്കുള്ളില്‍ പ്രമേയം സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ അനുമതി തേടാതെ യുദ്ധം ആരംഭിക്കുന്നതിലൂടെ ഹെഗ്‌സെത്ത് നിയമവിരുദ്ധമായ ഉത്തരവുകള്‍ അറിഞ്ഞുകൊണ്ട് നടപ്പാക്കിയെന്ന് മാസി ആരോപിച്ചു. 1973ലെ വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ ലംഘിച്ചുവെന്നതാണ് പ്രധാന കുറ്റാരോപണങ്ങളിലൊന്ന്. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സൈനിക നടപടികളില്‍ ഏര്‍പ്പെടാനുള്ള പ്രസിഡന്റിന്റെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഈ നിയമം. യെമനിലും വെനസ്വേലയിലും നടന്ന സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവങ്ങളും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ പെന്റഗണ്‍ തള്ളിക്കളഞ്ഞു. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഹക്കീം ജെഫ്രീസ് ഇംപീച്ച്മെന്റ് നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഗ്‌സെത്ത് അധികാരം ദുരുപയോഗം ചെയ്യുകയും ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും ഇറാനെതിരായ അനാവശ്യ യുദ്ധത്തിന് നേതൃത്വം നല്‍കിയെന്നും ജെഫ്രീസ് ആരോപിച്ചു. ‘ഹെഗ്‌സെത്ത് സ്ഥാനമൊഴിയണം’ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹെഗ്‌സെത്തിന്റെ നേതൃത്വത്തില്‍ അതൃപ്തിയുള്ള ചില റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ രംഗത്തുണ്ടെങ്കിലും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എല്ലാവരും നിലപാട് വ്യക്തമാക്കിയിട്ടില്ല. ആരോപണങ്ങളുടെ ഗൗരവം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് അര്‍ക്കന്‍സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ഫ്രഞ്ച് ഹില്‍ അറിയിച്ചത്. അതേസമയം, മാസിയുടെ ഇംപീച്ച്മെന്റ് നീക്കത്തെ പരിഹസിച്ച് ഹെഗ്‌സെത്ത് രംഗത്തെത്തി. ഇത് രാഷ്ട്രീയ പ്രേരിതമായ വ്യാജ നീക്കമാണെന്നും മാസി നിരാശനായ ജനപ്രതിനിധിയാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ ലക്ഷ്യമിട്ടുള്ള വ്യക്തിപരമായ രാഷ്ട്രീയ ആക്രമണമാണ് ഇതെന്നും ഹെഗ്‌സെത്ത് പ്രതികരിച്ചു. വിഷയത്തില്‍ പ്രതികരിക്കുന്നതിനായി ചൊവ്വാഴ്ച പെന്റഗണ്‍ പ്രത്യേക വാര്‍ത്താസമ്മേളനവും പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപും ഹെഗ്‌സെത്തിന് പിന്തുണ ആവര്‍ത്തിച്ചു. അദ്ദേഹത്തെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹെഗ്‌സെത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ പ്രതിനിധി ഡോണ്‍ ബേക്കണും രംഗത്തെത്തി. യുക്രെയ്നിന് അനുവദിച്ച സഹായം തടഞ്ഞുവെച്ചതും സൈനിക നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയോ സ്ഥാനക്കയറ്റം തടയുകയോ ചെയ്തതും ഗുരുതരമായ വീഴ്ചകളാണെന്ന് അദ്ദേഹം ആരോപിച്ചു. ഏകദേശം 80 അഡ്മിറല്‍മാരുടെയും ജനറല്‍മാരുടെയും സ്ഥാനക്കയറ്റം തടയുകയോ അവരെ പുറത്താക്കുകയോ ചെയ്തുവെന്നാണ് ബേക്കണിന്റെ ആരോപണം. ഇത് ഉന്നത സൈനിക ഉദ്യോഗസ്ഥരില്‍ ഏകദേശം പത്ത് ശതമാനത്തോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെഗ്‌സെത്ത് രാജിവെക്കണമെന്നും ഇക്കാര്യത്തില്‍ താന്‍ മാത്രമല്ല ആശങ്കപ്പെടുന്നതെന്നും സിഎന്‍എന്നിനോട് ബേക്കണ്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനുള്ളില്‍ തന്നെ പ്രതിരോധ സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ പോരാട്ടത്തിന് വഴിയൊരുക്കുകയാണ്.

Iran War: Republican Representative introduces resolution for impeachment proceedings against Pete Hegseth

Share Email
Top