ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഐആര്‍ജിസി

ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഐആര്‍ജിസി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് കിഴക്കുഭാഗത്ത് മൈനില്‍ തട്ടി എണ്ണക്കപ്പലിന് തീപിടിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) അവകാശവാദം. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി (ഐആര്‍എന്‍എ) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കിന് കിഴക്കുഭാഗത്തുകൂടി സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലാണ് നാവിക മൈനില്‍ ഇടിച്ചതെന്നാണ് ഐആര്‍ജിസിയുടെ വിശദീകരണം. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് കപ്പലിന് തീപിടിച്ചതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അപകടത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കപ്പല്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ ഓഫ് ചെയ്തിരുന്നതായും നിയന്ത്രിത മേഖലയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഐആര്‍ജിസി നാവിക വിഭാഗം ആരോപിച്ചു. കപ്പലിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന സൂചനയും പ്രസ്താവനയിലുണ്ട്.

എന്നാല്‍ കപ്പല്‍ തീപിടിച്ചതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഐആര്‍ജിസി പുറത്തുവിട്ടിട്ടില്ല. എണ്ണക്കപ്പലിന് തീപിടിച്ചെന്ന അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ആഗോള എണ്ണക്കടത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഭവവികാസം അന്താരാഷ്ട്ര തലത്തില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഈ മേഖലയില്‍ കപ്പല്‍ ഗതാഗതത്തിനുള്ള സുരക്ഷാ ഭീഷണി ആഗോള എണ്ണവിപണിയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.


IRGC states that an oil tanker caught fire after striking a mine near the Strait of Hormuz.

Share Email
More Articles
Top