ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേരിട്ട് നേതൃത്വം നൽകുന്നു. ഇതിന്റെ ഭാഗമായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മുഹ്സിൻ റെസായിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് വാൻസ് പരിഗണിക്കുന്നതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച് ഒക്ടോബറിൽ റെസായിക്ക് വാൻസ് കത്തയച്ചിരുന്നെങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഖത്തറിലായിരിക്കും കൂടിക്കാഴ്ച നടക്കാൻ സാധ്യതയെന്നും, ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ വാൻസിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്ന് യു.എസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിലായതിനാലാണ് ഇറാൻ വിഷയത്തിൽ വാൻസ് സജീവമായത്. ജൂണിൽ വാൻസിന്റെ നേതൃത്വത്തിൽ അമേരിക്കയും ഇറാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും, ആണവപദ്ധതി നിയന്ത്രിക്കുന്നതിലോ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണത്തിലോ ഇറാനിൽ നിന്ന് ഉറപ്പുകൾ നേടാനായിരുന്നില്ല. ഈ ധാരണാപത്രം ഇറാന് വീണ്ടും സജ്ജമാകാൻ സമയം നൽകിയെന്ന് ട്രംപ് സ്വകാര്യ സംഭാഷണങ്ങളിൽ വിമർശിച്ചതായും റിപ്പോർട്ടുണ്ട്.
ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ ഉപരോധവും നാവിക ഉപരോധവും നീക്കണമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ സുരക്ഷിത ദൂരത്തേക്ക് മാറ്റുകയും ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധത്തിൽ ഇളവ് വരുത്തുകയും ചെയ്യണമെന്ന വിശ്വാസം വളർത്താനുള്ള നിർദേശങ്ങളും മധ്യസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്.
മുൻ ചർച്ചകൾ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ടതും പുതിയ ആക്രമണത്തിന് ട്രംപ് മുതിർന്നേക്കുമെന്ന ആശങ്കയും ഉള്ളതിനാൽ ചർച്ചകളിലൂടെ ധാരണയിലെത്താനാകുമോ എന്നതിൽ ഇറാൻ നയതന്ത്രജ്ഞർക്ക് സംശയമുണ്ട്. അതിനിടെ, അമേരിക്കയുമായുള്ള ചർച്ചകളെ ‘സാങ്കൽപ്പിക ചർച്ചകൾ’ എന്ന് വിശേഷിപ്പിച്ച മുഹ്സിൻ റെസായി, സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കളുടെ ഒരു അംശം പോലും ഇറാനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകില്ലെന്നും വ്യക്തമാക്കി.
















