ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി; എന്‍വിഡിയയുടെ സ്ഥിരം സിഇഒ ആയി ആരുവരും: എഐ ലോകത്ത് നിര്‍ണായക ചര്‍ച്ച

ജെന്‍സന്‍ ഹുവാങ് പടിയിറങ്ങി; എന്‍വിഡിയയുടെ സ്ഥിരം സിഇഒ ആയി ആരുവരും: എഐ ലോകത്ത് നിര്‍ണായക ചര്‍ച്ച

വാഷിംഗടണ്‍: ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടെ സഹസ്ഥാപകനും ദീര്‍ഘകാല സി.ഇ.ഒയുമായ ജെന്‍സന്‍ ഹുവാങ് രാജിവെച്ചതോടെ ആഗോള എഐ വ്യവസായത്തില്‍ വലിയ മാറ്റങ്ങളുടെ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഹുവാങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്്. അതേസമയം, കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കൊളീറ്റ് ക്രെസിനെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചു. സ്ഥിരം പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഹുവാങിന്റെ രാജിവാര്‍ത്ത പുറത്തുവന്നതോടെ എന്‍വിഡിയയുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. വ്യാപാരത്തിനിടെ ഓഹരിവില 14 ശതമാനത്തിലധികം താഴ്‌ന്നെങ്കിലും പിന്നീട് നഷ്ടത്തിന്റെ ഒരു ഭാഗം വീണ്ടെടുത്തു. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരികള്‍ 4.3 ശതമാനം ഇടിവിലായിരുന്നു. എഐ രംഗത്തെ വന്‍ നിക്ഷേപങ്ങളും എന്‍വിഡിയയുടെ വിപണിയിലെ ആധിപത്യവും കണക്കിലെടുക്കുമ്പോള്‍ നേതൃത്വത്തിലെ മാറ്റം കമ്പനിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. എങ്കിലും വിലയിടിവിനിടെ ചെറുകിട നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയത് എഐ മേഖലയിലുള്ള പ്രതീക്ഷ പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ സി.ഇ.ഒ സ്ഥാനത്തേക്ക് നിരവധി പ്രമുഖരുടെ പേരുകളാണ് ഉയരുന്നത്. ഇടക്കാല സി.ഇ.ഒ കൊളീറ്റ് ക്രെസിനു പുറമെ, എന്‍വിഡിയയിലെ മുതിര്‍ന്ന എന്‍ജിനീയറും വൈസ് പ്രസിഡന്റുമായ ഇയാന്‍ ബക്ക്, ആം സി.ഇ.ഒ റെനെ ഹാസ്, മൈക്രോണിന്റെ സഞ്ജയ് മെഹ്‌റോത്ര, മാര്‍വെല്‍ ടെക്‌നോളജിയുടെ മാറ്റ് മര്‍ഫി എന്നിവരും സാധ്യതാപട്ടികയിലുണ്ട്. എ.എം.ഡി മേധാവി ലിസ സൂ, ആപ്പിളിന്റെ മുന്‍ സി.ഇ.ഒ ടിം കുക്ക് എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. എന്നാല്‍ ഇവരില്‍ ആരെയും സ്ഥിരം പിന്‍ഗാമിയായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്‍വിഡിയയുടെ ആദ്യ ബോര്‍ഡ് ചെയര്‍മാനായ ഹാര്‍വി ജോണ്‍സിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയും ചൈനയും തമ്മിലുള്ള ചിപ്പ് വ്യാപാര നിയന്ത്രണങ്ങളും പുതിയ പ്രതിസന്ധിക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം നല്‍കുന്നുണ്ട്. ചൈനീസ് വിപണിയിലേക്കുള്ള എന്‍വിഡിയയുടെ പ്രവേശനം നിലനിര്‍ത്തണമെന്ന് നേരത്തേ ശക്തമായി വാദിച്ചിരുന്ന വ്യക്തിയായിരുന്നു ഹുവാങ്. അമേരിക്കന്‍ ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനെ പിന്തുണച്ചിരുന്നു. അതിനിടെ, ഹുവാങിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബന്ധങ്ങളെക്കുറിച്ചും ദേശീയ സുരക്ഷയെ ബാധിക്കാവുന്ന വിഷയങ്ങളെക്കുറിച്ചും അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ തെളിയിക്കപ്പെട്ട വസ്തുതകളായി കാണാനാകില്ലെങ്കിലും അന്വേഷണത്തിന്റെ ഫലം കമ്പനിയുടെ ഭാവി നയങ്ങളെ സ്വാധീനിച്ചേക്കും.

ഹുവാങിന്റെ പടിയിറക്കം എന്‍വിഡിയയ്ക്ക് നേതൃത്വപരമായ വലിയ വെല്ലുവിളിയാണെങ്കിലും കമ്പനിയുടെ സാങ്കേതിക മികവും വിപുലമായ ഉപഭോക്തൃ ശൃംഖലയും എഐ മേഖലയില്‍ നേടിയെടുത്ത ആധിപത്യവും ഉടന്‍ ഇല്ലാതാകുമെന്ന് കരുതാനാവില്ല. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട കമ്പനികളും ഒട്ടേറെ എഐ ഗവേഷണ സ്ഥാപനങ്ങളും എന്‍വിഡിയയുടെ ചിപ്പുകളെയും സോഫ്റ്റ്വെയര്‍ സംവിധാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. പുതിയ നേതൃത്വത്തിന് ഈ ബന്ധങ്ങള്‍ നിലനിര്‍ത്താനും സാങ്കേതിക മുന്നേറ്റം തുടരാനും കഴിയുമോ എന്നതാണ് നിര്‍ണായകം. നേതൃത്വമാറ്റം വേഗത്തില്‍ കൈകാര്യം ചെയ്യാനായാല്‍ എഐ വിപണിയിലെ വളര്‍ച്ച തുടര്‍ന്നേക്കാം. മറിച്ച് പ്രതിസന്ധി നീണ്ടുപോയാല്‍ എതിരാളികള്‍ക്ക് നേട്ടമുണ്ടാക്കാനുള്ള അവസരമാകും. എന്‍വിഡിയയുടെ അടുത്ത നീക്കങ്ങള്‍ ആഗോള എഐ വ്യവസായത്തിന്റെ ഭാവിയിലും നിര്‍ണായക സ്വാധീനം ചെലുത്തും.

Jensen Huang steps down; who will become the permanent CEO of Nvidia? A crucial discussion in the world of AI.

Share Email
LATEST excelnclexrn
More Articles
Top