കാൻസറിനെതിരായ പോരാട്ടത്തെക്കുറിച്ചും രോഗവിവരം പരസ്യമാക്കാനുണ്ടായ കാരണത്തെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2025 മേയിൽ മൂത്രാശയ സംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. ആ വർഷം ഒക്ടോബറിൽ തന്നെ ചികിത്സ പൂർത്തിയായെന്നും ഔദ്യോഗിക പദവിയിലിരിക്കെ രോഗവിവരം മറച്ചുവെക്കാൻ താൽപ്പര്യപ്പെട്ടില്ലെന്നും പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ വ്യക്തമാക്കി. ദേശീയ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ സുതാര്യത പാലിക്കേണ്ടത് പ്രധാനമാണെന്നും, പല അമേരിക്കക്കാരും കടന്നുപോകുന്ന അതേ അവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രോഗവിവരം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രണ്ടാംഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിന് മുതിരില്ലായിരുന്നുവെന്നും ബൈഡൻ വെളിപ്പെടുത്തി. കാൻസർ ബാധിതനായ എൺപതുകാരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാൻസറിനോടുള്ള പിതാവിന്റെ പോരാട്ടം കഠിനമാണെന്നും കണ്ടുനിൽക്കാൻ പ്രയാസമാണെന്നും മകൻ ഹണ്ടർ ബൈഡൻ അടുത്തിടെ ബിബിസിയോട് പറഞ്ഞിരുന്നു. കാൻസർ അസ്ഥികൾ ഉൾപ്പെടെ മറ്റു പല ഭാഗങ്ങളിലേക്കും ഇതിനകം പടർന്നിട്ടുണ്ടെന്നും അത് വേദനാജനകമായ കാഴ്ചയാണെന്നും ഹണ്ടർ വ്യക്തമാക്കിയിരുന്നു.
















