ഹീത്രൂ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

ഹീത്രൂ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മലയാളി വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ജോയ് കെ. തോമസ് അന്തരിച്ചു

പസാദ് തീയാടിക്കല്‍

ലണ്ടന്‍: കേരളത്തില്‍ നിന്നും യുകെയില്‍ തിരിച്ചെത്തിയ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) ഹീത്രൂ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ റെഡിച്ചില്‍ സ്ഥിരതാമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ലഗേജ് ശേഖരിക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

വിമാനത്താവള അധികൃതര്‍ ഉടന്‍ സി.പി.ആര്‍. നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റയ്ക്കാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മകനെ കാത്തിരുന്നത് അപ്രതീക്ഷിത വിയോഗവാര്‍ത്തയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് ഡോ. ജോയ് യുകെയിലെത്തിയത്. കൊച്ചി കുസാറ്റില്‍നിന്ന് ബിരുദവും കേരള സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം അരുവിത്തുറയിലായിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, കവന്‍ട്രി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വെയില്‍സ് തുടങ്ങിയ പ്രമുഖ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്‌കൂള്‍ ഓഫ് ഇംഗ്ലണ്ടില്‍ ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടച്ചുമതലയും വഹിച്ചിട്ടുണ്ട്.

ഓര്‍ഗനൈസേഷണല്‍ സൈക്കോളജി, ഫിനാന്‍സ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോ. ജോയ് അറിയപ്പെടുന്ന പ്രഭാഷകനുമായിരുന്നു. കൗണ്‍സിലിംഗ്, പരിശീലന പരിപാടികള്‍, എഴുത്ത്, ഗവേഷണം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനീവയില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചിട്ടുണ്ട്.

ഭാര്യ: മേരി ജീന്‍. മൂന്ന് മക്കളുണ്ട്.

സംസ്‌ക്കാരം പിന്നീട്

Malayali education expert Dr. Joy K. Thomas has passed away after collapsing at Heathrow Airport.

Share Email
LATEST excelnclexrn
Top