ഹൂസ്റ്റണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ നേട്ടവുമായി മൂന്ന് മലയാളികള്‍. ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ നടന്ന വിവിധ തിരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന്‍ കെ. പട്ടേല്‍, ജൂലി എ. മാത്യു, മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ വിജയിച്ചതായുള്ള ഫലങ്ങള്‍ പുറത്തുവന്നു. അമേരിക്കന്‍ രാഷ്ട്രീയ, നീതിന്യായ, പ്രാദേശിക ഭരണരംഗങ്ങളില്‍ മലയാളി സമൂഹത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്നതാണ് ഈ വിജയങ്ങള്‍.
സുരേന്ദ്രന്‍ കെ. പട്ടേലിന് മികച്ച വിജയം
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തി. ആകെ രേഖപ്പെടുത്തിയ 1,82,760 വോട്ടുകളില്‍ 1,10,078 വോട്ടുകള്‍ (60.23 ശതമാനം) പട്ടേല്‍ സ്വന്തമാക്കി. ആശാ റെഡ്ഡിക്ക് 72,682 വോട്ടുകള്‍ (39.77 ശതമാനം) ലഭിച്ചു. 37,396 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേന്ദ്രന്‍ വിജയിച്ചത്.
ജഡ്ജി സ്ഥാനത്ത് ജൂലി എ. മാത്യുവിനും വിജയം
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലി എ. മാത്യുവും വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസ്സിക്ക ജാരാമില്ലോയെയാണ് ജൂലി പരാജയപ്പെടുത്തിയത്.
ആകെ പോള്‍ ചെയ്ത 1,82,816 വോട്ടുകളില്‍ ജൂലിക്ക് 1,10,891 വോട്ടുകള്‍ (60.66 ശതമാനം) ലഭിച്ചു. എതിരാളിയായ ജെസ്സിക്ക ജാരാമില്ലോ 71,925 വോട്ടുകള്‍ (39.34 ശതമാനം) നേടി. 38,966 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജൂലിക്ക് ലഭിച്ചത്.
മാര്‍ട്ടിന്‍ ജോണിനും ശ്രദ്ധേയ വിജയം
ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കുള്ള കക്ഷിരഹിത തിരഞ്ഞെടുപ്പില്‍ മാര്‍ട്ടിന്‍ ജോണും വിജയിച്ചു.
79,376 വോട്ടുകള്‍ (57.14 ശതമാനം) നേടിയാണ് മാര്‍ട്ടിന്‍ ജോണ്‍ വിജയം ഉറപ്പിച്ചത്. എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയ്ക്ക് 59,531 വോട്ടുകള്‍ (42.86 ശതമാനം) ലഭിച്ചു. ആകെ 1,38,907 വോട്ടുകള്‍ രേഖപ്പെടുത്തിയ മത്സരത്തില്‍ 19,845 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാര്‍ട്ടിന്‍ ജോണ്‍ നേടിയത്.
അമേരിക്കന്‍ പൊതുരംഗത്ത് മലയാളികളുടെ മുന്നേറ്റം
അമേരിക്കയിലെ പ്രാദേശിക ഭരണസംവിധാനങ്ങളിലും നീതിന്യായ മേഖലയിലും ഇന്ത്യന്‍ വംശജരുടെ, പ്രത്യേകിച്ച് മലയാളികളുടെ, വര്‍ധിച്ചുവരുന്ന പങ്കാളിത്തത്തിന് ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ് വിജയങ്ങള്‍.
വ്യത്യസ്ത മേഖലകളില്‍ മത്സരിച്ച മൂന്ന് മലയാളികള്‍ക്കും ലഭിച്ച ജനപിന്തുണ അമേരിക്കന്‍ പൊതുരംഗത്ത് മലയാളി സമൂഹം കൈവരിക്കുന്ന പ്രാതിനിധ്യത്തിന്റെ മറ്റൊരു അടയാളമായി മാറിയിരിക്കുകയാണ്. ടെക്‌സസിലെ മലയാളി സമൂഹത്തിനൊപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കും അഭിമാനകരമായ നേട്ടമാണിത്.
Malayali success in the American elections; Surendran K. Patel, Julie A. Mathew, and Martin John emerge victorious
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍



















