തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നീക്കങ്ങളിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും സർക്കാർ രേഖകൾ ദുരുപയോഗം ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നവരാണ് കേസിലെ മറ്റു പ്രതികൾ.
മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാൻ ഗവർണറുടെ അനുമതി, അഴിമതി നിരോധന നിയമപ്രകാരം നടപടി
November 12, 2026 5:00 pm
















