മോദി എന്റെ ഫോൺ ചോർത്തുന്നു; തെളിവുകൾ കൈവശമുണ്ട്: തുറന്നടിച്ച് രാഹുൽ ഗാന്ധി

മോദി എന്റെ ഫോൺ ചോർത്തുന്നു; തെളിവുകൾ കൈവശമുണ്ട്: തുറന്നടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തൻ്റെ ഫോൺ ചോർത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധങ്ങളടക്കമുള്ള നിർണായക തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, അതറിഞ്ഞാണ് മോഡി താനുമായുള്ള പൊതുസംവാദത്തിന് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാഹുൽ ഗാന്ധി ഈ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.

“തെളിവ് ഇവിടെയുണ്ട്; അത് ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം, കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടൊരു സംവാദത്തിന് വരുന്ന നിമിഷം, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് യഥാർത്ഥ ദേശവിരുദ്ധനെന്നും എന്നുമുതലാണ് അദ്ദേഹം ആ നിലപാടിലെത്തിയതെന്നും വ്യക്തമാകും. എന്റെ ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും അപ്പോൾ എല്ലാവരും അറിയും.”

സ്വന്തം അനുകൂല മാധ്യമങ്ങളുടെ ദീപാവലി പരിപാടിയിൽ പോലും പ്രസംഗിക്കാൻ നരേന്ദ്ര മോഡിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. വേദിയും സാഹചര്യവും പൂർണ്ണമായും അനുകൂലമായിരുന്നിട്ടും സ്ക്രിപ്റ്റിന്റെ സഹായം തേടേണ്ടിവന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നത്. തന്നോടുള്ള സംവാദത്തിന് മോഡിക്ക് സ്വന്തം ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും ഒപ്പം കൂട്ടാമെന്നും, എങ്കിലും സംവാദത്തിന് അദ്ദേഹം തയ്യാറാകണമെന്നും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. രാജ്യത്ത് യഥാർത്ഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top