വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കണമെന്ന ഇസ്രയേൽ കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ആവശ്യം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകരിക്കാത്തതിനെ തുടർന്ന്, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാൻ അടിയന്തരമായി അമേരിക്കയിലെത്തി. ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് നെതന്യാഹുവിന്റെ അടുത്ത അനുയായി കൂടിയായ ഗോഫ്മാൻ വാഷിങ്ടണിൽ എത്തിയത്. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി അദ്ദേഹം ചർച്ച നടത്തിയെന്നും, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി കൂടിക്കാഴ്ച നടത്താൻ മയാമിയിലേക്ക് തിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനത്തെക്കുറിച്ച് മൊസാദോ വൈറ്റ് ഹൗസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നവംബർ അഞ്ചിന് ട്രംപും നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ വിഷയം വിശദമായി ചർച്ച ചെയ്തെങ്കിലും സൈനിക നീക്കത്തിന് ട്രംപ് പച്ചക്കൊടി കാട്ടിയില്ലെന്ന് പ്രമുഖ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര കരാറുകൾക്കുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ട് ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദവും നാവിക ഉപരോധവും തുടരാനാണ് ട്രംപിന് താൽപര്യം. ഇസ്രയേലിന്റെ ആക്രമണ നീക്കത്തേക്കാൾ, സമ്മർദ്ദ തന്ത്രം തുടരണമെന്ന സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ നിലപാടിനൊപ്പമാണ് അമേരിക്കൻ പ്രസിഡന്റ് നിലയുറപ്പിച്ചിരിക്കുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് ഇസ്രയേലിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് നെതന്യാഹു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിനെ പ്രസിഡന്റ് ക്ഷണിച്ചുകഴിഞ്ഞു. അധികാരത്തിൽ തുടരാനും ഐസൻകോട്ടിന്റെ സർക്കാർ രൂപീകരണ ശ്രമങ്ങൾ അട്ടിമറിക്കാനുമായി നെതന്യാഹു ഇറാനെതിരെ പുതിയ വ്യോമാക്രമണങ്ങൾക്ക് ഉത്തരവിട്ടേക്കാമെന്ന ആശങ്ക പ്രതിപക്ഷ നേതാക്കൾക്കുണ്ട്. ഇറാനെ പ്രകോപിപ്പിച്ച് തിരിച്ചടി ക്ഷണിച്ചുവരുത്താൻ നെതന്യാഹു ശ്രമിച്ചേക്കാമെന്നും ആക്സിയോസ് റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ വിഷയത്തിലെ പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാനായി വ്യാഴാഴ്ച നെതന്യാഹു പ്രതിപക്ഷ നേതാവ് ഐസൻകോട്ടുമായി രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇറാനെതിരെ അടിയന്തര സൈനിക നടപടി ആവശ്യപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നാണ് ഐസൻകോട്ടിന്റെ വിലയിരുത്തൽ. അധികാര കൈമാറ്റത്തിന്റെ ഈ നിർണ്ണായക ഘട്ടത്തിൽ സ്ഥാനമൊഴിയുന്ന സർക്കാരിന്റെ നീക്കങ്ങളിൽ കൃത്യമായ മേൽനോട്ടമില്ലാത്ത അവസ്ഥ അനുവദിക്കില്ലെന്നും, ഇക്കാര്യം നെതന്യാഹുവിനെയും സൈനിക സെക്രട്ടറിയെയും കർശനമായി അറിയിച്ചിട്ടുണ്ടെന്നും ഐസൻകോട്ട് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
















