വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ സംഗീത ഇതിഹാസവും നോബല്‍ പുരസ്‌കാര ജേതാവുമായ ബോബ് ഡിലന്‍ പോപ്പ് ലിയോ പതിനാലാമനെ സന്ദര്‍ശിച്ചു. ബുധനാഴ്ച വത്തിക്കാനിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇറ്റലിയിലെ സംഗീത പരിപാടികള്‍ക്കിടയിലെ ഇടവേളയിലാണ് ഗായകനും ഗാനരചയിതാവും കവിയുമായ ഡിലന്‍ അമേരിക്കന്‍ വംശജനായ മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയത്. കൂടിക്കാഴ്ച ഹ്രസ്വമായിരുന്നുവെന്ന് വത്തിക്കാന്‍ അറിയിച്ചു. ലിയോ പതിനാലാമന്‍ ഡിലന് ജപമാല സമ്മാനിച്ചപ്പോള്‍, ഡിലന്‍ തന്റെ ആത്മകഥയായ ‘ക്രോണിക്കിള്‍സ്: വോള്യം വണ്‍’ മാര്‍പാപ്പയ്ക്ക് കൈമാറി.
ഡിലന്റെ സംഗീതത്തോടും രചനകളോടും പോപ്പ് ലിയോയ്ക്ക് നേരത്തെ തന്നെ താല്‍പര്യമുണ്ടായിരുന്നു. 1963-ല്‍ ഡിലന്‍ രചിച്ചെങ്കിലും പ്രസിദ്ധീകരിക്കാത്ത യുദ്ധവിരുദ്ധ ഗാനമായ ഗോ എവേ യു ബോംബ് എന്നതിലെ വരികള്‍ മാര്‍പാപ്പ തന്റെ 2026-ലെ പുസ്തകമായ ഡിസാര്‍മ്ഡ് ആന്‍ഡ് ഡിസാര്‍മിങ് പീസ് ഈസ് എ ഗിഫ്റ്റ് എന്ന കൃതിയില്‍ ഉദ്ധരിച്ചിരുന്നു. ആയുധമത്സരത്തിനും ആണവായുധങ്ങളുടെ ഉപയോഗത്തിനുമെതിരെ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് അദ്ദേഹം ഡിലന്റെ ഗാനവരികള്‍ പരാമര്‍ശിച്ചത്. മനുഷ്യന്‍ നിര്‍മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആണവബോംബിനോടുള്ള എതിര്‍പ്പാണ് ഗാനത്തിലെ വരികളിലൂടെ ഡിലന്‍ പ്രകടിപ്പിക്കുന്നത്.
വത്തിക്കാനിലെ സാംസ്‌കാരിക വിഭാഗം ഉദ്യോഗസ്ഥനായ ഫാ. അന്റോണിയോ സ്പഡാരോയും വത്തിക്കാന്‍ പത്രമായ എല്‍ ഒസര്‍വത്തോറെ റൊമാനോയുടെ എഡിറ്റര്‍ ആന്‍ഡ്രിയ മോണ്ടയും ഡിലനൊപ്പം എത്തിയിരുന്നു. മാര്‍പാപ്പയുമായി സംസാരിക്കാന്‍ ഡിലന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇരുവരും സ്വകാര്യമായി ഏതാനും മിനിറ്റുകള്‍ കൂടിക്കാഴ്ച നടത്തിയെന്നും സ്പഡാരോ പറഞ്ഞു. ജീവിതത്തിലും ചിന്തകളിലും ഡിലന് താല്‍പര്യമുണ്ടായിരുന്നു. 1967-ല്‍ പുറത്തിറങ്ങിയ ജോണ്‍ വെസ്ലി ഹാര്‍ഡിംഗ് എന്ന ആല്‍ബത്തിലെ ഐ ഡ്രീംഡ് ഐ സോ സെന്റ് അഗസ്റ്റിന്‍ എന്ന ഗാനവും ഇതിന് ഉദാഹരണമാണ്.
2016-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ഡിലന്‍ കറുത്ത ഹൂഡിയും അയഞ്ഞ ടൈയും ധരിച്ചാണ് വത്തിക്കാനിലെത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളില്‍ തലയില്‍ ഹൂഡ് ധരിച്ച നിലയിലാണ് അദ്ദേഹത്തെ കാണുന്നത്. ഇതാദ്യമായല്ല ഡിലന്‍ ഒരു മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. 1997-ല്‍ ഇറ്റലിയിലെ ബൊളോണയില്‍ നടന്ന മതസമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ സാന്നിധ്യത്തില്‍ അദ്ദേഹം സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. മിനസോട്ടയിലെ ജൂത കുടുംബത്തില്‍ റോബര്‍ട്ട് സിമ്മര്‍മാന്‍ എന്ന പേരില്‍ ജനിച്ച ഡിലന്‍ പിന്നീട് പേര് മാറ്റുകയായിരുന്നു. 1979-ല്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് കൂടുതല്‍ അടുക്കുകയും ‘ഗോട്ടാ സെര്‍വ് സംബഡി’, ‘സേവ്ഡ്’ തുടങ്ങിയ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തു.
സമീപകാലത്ത് തന്റെ മതവിശ്വാസങ്ങളെക്കുറിച്ച് പരസ്യമായി അധികം സംസാരിക്കാത്ത ഡിലന്‍, 2022-ല്‍ വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മതവിശ്വാസിയാണെന്നും വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന് മുമ്പ് തിങ്കളാഴ്ച മിലാനില്‍ സംഗീത പരിപാടി അവതരിപ്പിച്ച ഡിലന്‍ വ്യാഴാഴ്ച റോമിലും പരിപാടി നടത്തും. കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള അവസാന സംഗീത പരിപാടിയില്‍ 1997-ല്‍ പുറത്തിറങ്ങിയ ‘ട്രൈയിങ് ടു ഗെറ്റ് ടു ഹെവന്‍’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. ‘ലോകം മുഴുവന്‍ ചുറ്റിക്കറങ്ങി, സ്വര്‍ഗത്തിന്റെ വാതില്‍ അടയ്ക്കുന്നതിന് മുമ്പ് അവിടെയെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്’ എന്ന അര്‍ഥം വരുന്ന ഗാനവരികളും ഈ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി.
Music legend Bob Dylan meets Pope Leo XIV
















