ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതിയ ഭാരവാഹികള്‍; ഗോപിനാഥക്കുറുപ്പ് പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി

ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന് പുതിയ ഭാരവാഹികള്‍; ഗോപിനാഥക്കുറുപ്പ് പ്രസിഡന്റ്, രഞ്ജിത് പിള്ള സെക്രട്ടറി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അയ്യപ്പ സേവാ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 11 ബുധനാഴ്ച വൈകിട്ട് എട്ടിന് പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംഘത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പുതിയ ഭാരവാഹികളെയും ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. തുടര്‍ന്ന് സെക്രട്ടറി രഘുവരന്‍ നായര്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കുന്നപ്പള്ളില്‍ രാജഗോപാല്‍ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക കണക്കുകളും യോഗം അംഗീകരിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും വന്‍ വിജയമായിരുന്നുവെന്ന് പൊതുയോഗം വിലയിരുത്തി. ഈ പരിപാടികളുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഭാരവാഹികളെയും പ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും സംഘാടകരുടെ കൂട്ടായ പരിശ്രമവുമാണ് പരിപാടികളുടെ വിജയത്തിന് അടിത്തറയായതെന്നും യോഗം അഭിപ്രായപ്പെട്ടു.

1991-ല്‍ സ്ഥാപിതമായ അയ്യപ്പ സേവാ സംഘം ന്യൂയോര്‍ക്ക്, സേവന പ്രവര്‍ത്തനങ്ങള്‍ക്കും സനാതന ധര്‍മത്തിന്റെ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന മഹത്തായ ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച് നിഷ്‌കാമസേവനത്തിന്റെ പാതയിലൂടെ മുന്നേറുന്ന സംഘടന 35 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് പിന്നിടുന്നത്. ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഭക്തജനങ്ങളെ ഒരുമിപ്പിക്കുന്നതിനൊപ്പം വരുംതലമുറയിലേക്ക് സനാതന ധര്‍മത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യവും സംഘം ഉയര്‍ത്തിപ്പിടിക്കുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും ഭാവി പരിപാടികള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുന്നതിനുമായി പുതിയ ഭരണസമിതിയെ വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍:
പ്രസിഡന്റായി ഗോപിനാഥക്കുറുപ്പ്, വൈസ് പ്രസിഡന്റായി ജയചന്ദ്രന്‍ രാമകൃഷ്ണന്‍, സെക്രട്ടറിയായി രഞ്ജിത് പിള്ള, ജോയിന്റ് സെക്രട്ടറിയായി മഹാദേവന്‍ ശര്‍മ്മ, ട്രഷററായി രഘുവരന്‍ നായര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍:
വനജ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍, അപ്പുക്കുട്ടന്‍ നായര്‍, ജി.കെ. നായര്‍, മുരളീധരപ്പണിക്കര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രക്ഷാധികാരികളായ രാം പോറ്റി, അപ്പന്‍ മേനോന്‍ Esq., ഡോ. മദന്‍ മോഹന്‍ എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരും. കമ്മിറ്റി അംഗങ്ങളായ രാജു നാണു, സഹൃദയന്‍ പണിക്കര്‍, ഉണ്ണിക്കൃഷ്ണ മേനോന്‍, ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പി, ജയപ്രകാശ് നായര്‍, ബാലകൃഷ്ണന്‍ നായര്‍, രാജീവ് ഭാസ്‌കര്‍, ബിജു ഗോപാലന്‍, രാധാമണി നായര്‍, സതീഷ് കാലാത്ത്, നരേന്ദ്രന്‍ നായര്‍, സുരേഷ് നായര്‍, സേതുമാധവന്‍ എന്നിവരും തുടര്‍ന്നും പ്രവര്‍ത്തിക്കും.

വാര്‍ഷിക പൊതുയോഗത്തിനുശേഷം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ അധ്യക്ഷതയില്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വരാനിരിക്കുന്ന ആത്മീയ, സാംസ്‌കാരിക പരിപാടികളെക്കുറിച്ച് ചര്‍ച്ച നടത്തി.

ഈ വര്‍ഷത്തെ മണ്ഡലകാല ഭജനയും മകരവിളക്ക് മഹോത്സവവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിപുലമായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മണ്ഡലകാലത്തെ ആദ്യ ഭജന ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗ് ഗണേശ ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ നടത്തും.

നവംബര്‍ 21 ശനിയാഴ്ച വൈകിട്ട് ആറിന് അയ്യപ്പ സന്നിധിയില്‍ നടക്കുന്ന മണ്ഡലകാല ഭജനയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും കുടുംബാംഗങ്ങളെയും സംഘാടകര്‍ സാദരം ക്ഷണിച്ചു.

മണ്ഡല കാലാചരണത്തിന്റെ ഭാഗമായി കൂടുതല്‍ ഭജനകളും ആത്മീയ പരിപാടികളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള സംയുക്ത കമ്മിറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനുമായി പുതിയ ഭരണസമിതിയെ പൊതുയോഗം ചുമതലപ്പെടുത്തി.

35 വര്‍ഷത്തെ സേവനപാരമ്പര്യവുമായി മുന്നേറുന്ന അയ്യപ്പ സേവാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ഭക്തജനങ്ങളുടെ സഹകരണത്തോടെ ആത്മീയ, സാമൂഹിക സേവനരംഗങ്ങളില്‍ സജീവ സാന്നിധ്യമായി തുടരുന്നതിനുമുള്ള പ്രതിബദ്ധത യോഗം ആവര്‍ത്തിച്ചു.

വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ വാര്‍ഷിക പൊതുയോഗം മംഗളകരമായി സമാപിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

New office-bearers for New York Ayyappa Seva Sangham; Gopinathakurup as President, Ranjith Pillai as Secretary

Share Email
LATEST excelnclexrn
More Articles
Top