തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ച പശ്ചാത്തലത്തിൽ പുറത്തുനിന്ന് അധിക തുക നൽകി വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പുതിയ ഹ്രസ്വകാല വൈദ്യുതി കരാറുമായി തൽക്കാലം മുന്നോട്ടു പോകേണ്ടതില്ലെന്നും ധാരണയായി. മുഖ്യമന്ത്രിയുമായി കെഎസ് ഇ ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയും നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഡാമുകളിൽ ആവശ്യത്തിന് വെള്ളമുണ്ടായിട്ടും പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് പിന്നിൽ കൃത്രിമമായി പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമുണ്ടോയെന്ന സംശയം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വൈദ്യുതോത്പാദനത്തിനും വിതരണത്തിനുമായി ആവശ്യത്തിന് സ്രോതസ്സുകൾ ലഭ്യമാണെന്നും വരുന്ന രണ്ടു മാസത്തേക്ക് നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും കൂടിക്കാഴ്ചയിൽ ബോധ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ചും കരാർ നീക്കങ്ങളെക്കുറിച്ചും വിശദമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.