ജെന്‍സന്‍ ഹുവാങിന് പകരക്കാരനായി ആം സി.ഇ.ഒ റെനെ ഹാസിനെ സമീപിച്ച് എന്‍വിഡിയ; ഹുവാങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ജീവനക്കാര്‍

ജെന്‍സന്‍ ഹുവാങിന് പകരക്കാരനായി ആം സി.ഇ.ഒ റെനെ ഹാസിനെ സമീപിച്ച് എന്‍വിഡിയ; ഹുവാങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ജീവനക്കാര്‍

വാഷിങ്ടണ്‍: എന്‍വിഡിയയുടെ മുന്‍ സി.ഇ.ഒ ജെന്‍സന്‍ ഹുവാങിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ക്കിടെ ബ്രിട്ടീഷ് ചിപ്പ് നിര്‍മാതാക്കളായ ആം ഹോള്‍ഡിങ്‌സിന്റെ സി.ഇ.ഒ റെനെ ഹാസിനെ സമീപിച്ച് കമ്പനി. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കും ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും പിന്നാലെയാണ് ഹുവാങ് വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞത്. ഇതോടെ ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മാതാക്കളിലൊന്നായ എന്‍വിഡിയയില്‍ നേതൃത്വ പ്രതിസന്ധി ഉടലെടുത്തു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൊളീറ്റ് ക്രെസാണ് ഇടക്കാല സി.ഇ.ഒയുടെ ചുമതല വഹിക്കുന്നത്.

മുമ്പ് എന്‍വിഡിയയില്‍ ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ച പരിചയമാണ് റെനെ ഹാസിനെ പുതിയ പദവിലേക്ക് പരിഗണിക്കാനായി കമ്പനി ചര്‍ച്ച ആരംഭിച്ചത്. കമ്പനിയില്‍ വൈസ് പ്രസിഡന്റായും കമ്പ്യൂട്ടിങ് ഉല്‍പ്പന്ന വിഭാഗത്തിന്റെ ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ച അദ്ദേഹം 2013ലാണ് ആമില്‍ ചേര്‍ന്നത്. 2022ല്‍ ആം സി.ഇ.ഒയായി ചുമതലയേറ്റ ഹാസ് 2023ല്‍ കമ്പനിയുടെ നാസ്ഡാക് ഓഹരി വിപണി പ്രവേശനത്തിനും നേതൃത്വം നല്‍കി. എന്‍വിഡിയയുടെ പ്രവര്‍ത്തനരീതിയും കമ്പനിയുടെ സംസ്‌കാരവും അടുത്തറിയുന്ന വ്യക്തിയെന്നതും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചിപ്പ് കമ്പനിയെ നയിച്ച അനുഭവവുമാണ് അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതെന്ന് വിലയിരുത്തുന്നു. എന്നാല്‍ ഹാസിന് ഔദ്യോഗികമായി സി.ഇ.ഒ സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം അത് സ്വീകരിക്കുമെന്ന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ മേധാവിയെ കണ്ടെത്തുന്നതിനായുള്ള നടപടികളിലാണ് തങ്ങളെന്നും ഇതുവരെ ആരുമായും ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം, ഹുവാങിനെ വീണ്ടും സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി. ജീവനക്കാരുടെ അഭിപ്രായം പരിഗണിക്കാതെ നേതൃത്വത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് എന്‍വിഡിയയിലെ മുതിര്‍ന്ന എന്‍ജിനിയര്‍ ആഭ്യന്തര സന്ദേശം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ 1,600ലധികം പ്രതികരണങ്ങള്‍ ലഭിച്ചതായും നിരവധി പേര്‍ ഹുവാങിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ലോകമെമ്പാടുമായി ഏകദേശം 42,000 ജീവനക്കാരാണ് എന്‍വിഡിയയ്ക്കുള്ളത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ഹുവാങിനെ തിരിച്ചുകൊണ്ടുവരാനുള്ള നിവേദനത്തില്‍ ഒപ്പിടുമെന്ന് എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നീക്കം ജീവനക്കാരുടെ ആഭ്യന്തര പ്രചാരണവുമായി ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല. റിപ്പോര്‍ട്ടുകളോട് എന്‍വിഡിയയും ആമും പ്രതികരിച്ചിട്ടില്ല.

പുതിയ സി.ഇ.ഒ സ്ഥാനത്തേക്ക് കൊളീറ്റ് ക്രെസ്, മുതിര്‍ന്ന എന്‍ജിനിയര്‍ ഇയാന്‍ ബക്ക് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ക്ക് കരുത്തുപകരുന്ന കുഡാ സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമിന്റെ വികസനത്തിന് നേതൃത്വം നല്‍കിയ പരിചയമാണ് ഇയാന്‍ ബക്കിന്റെ പ്രധാന യോഗ്യത. പുറമേ, എ.എം.ഡി മേധാവി ലിസ സൂ, മൈക്രോണിന്റെ സഞ്ജയ് മെഹ്‌റോത്ര, മാര്‍വെല്‍ മേധാവി മാറ്റ് മര്‍ഫി, ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ വിഭാഗം മേധാവി ജോണി സ്രോജി എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. മുന്‍ ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പേര് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് മുന്നോട്ടുവെച്ചത്. സാമ്പത്തിക മാനേജ്‌മെന്റ്, സാങ്കേതിക പരിജ്ഞാനം, ആഗോള ടെക് കമ്പനികളെ നയിച്ച അനുഭവം എന്നിവയില്‍ ഏതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന കാര്യത്തിലാണ് എന്‍വിഡിയ ബോര്‍ഡിന്റെ ശ്രദ്ധ.

Nvidia approaches Arm CEO Rene Haas as a potential successor to Jensen Huang; employees urge for Huang’s return.

Share Email
LATEST excelnclexrn
Top