എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന് ചൈനീസ് ചാര വനിതയുമായി പ്രേമം: ഭാര്യയോട് അവിശ്വസ്ത കാട്ടിയെന്നു സമ്മതിച്ച് ജെന്‍സണ്‍: സംഭവത്തില്‍ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു

എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങിന് ചൈനീസ് ചാര വനിതയുമായി പ്രേമം: ഭാര്യയോട് അവിശ്വസ്ത കാട്ടിയെന്നു സമ്മതിച്ച് ജെന്‍സണ്‍: സംഭവത്തില്‍ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ സാങ്കേതിക കമ്പനികളിലൊന്നായ എന്‍വിഡിയയുടെ (Nvidia) തലവന്‍ ജെന്‍സന്‍ ഹുവാങ്ങ് ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായി അവിഹിത ബന്ധമെന്നു റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. അമേരി ക്കന്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഭാര്യയോട് അവിശ്വസ്തത കാട്ടിയെന്ന് സമ്മതിച്ച ജെന്‍സന്‍ ഹുവാങ് കുടുംബത്തോട് പരസ്യമായി ക്ഷമാപണം നടത്തി. ഞായറാഴ്ച എന്‍വിഡിയ ജീവനക്കാര്‍ക്ക് അയച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ചെയ്തത് ന്യായീകരിക്കാന്‍ ഒരു കാരണവുമില്ല. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍ താന്‍ പരാജയപ്പെട്ടെന്നും അദ്ദേഹം സമ്മതിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചതായും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഹുവാങ് അറിയിച്ചു. അമേരിക്കയോടും കമ്പനിയോടും തനിക്ക് വലിയ സ്‌നേഹമാണെന്നും എന്‍വിഡിയയുടെ സംരക്ഷണത്തിനും നേതൃത്വത്തുടര്‍ച്ചയ്ക്കും പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായ എന്‍വിഡിയയുടെ അമരത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന വ്യക്തിയാണ് ഹുവാങ്. കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കായി ഗ്രാഫിക്‌സ് ചിപ്പുകള്‍ നിര്‍മിച്ചിരുന്ന കമ്പനിയെയാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ രംഗത്തെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്. എഐ വികസനത്തിന് ആവശ്യമായ ചിപ്പുകളുടെ നിര്‍മാണത്തില്‍ കമ്പനി നേടിയ ആധിപത്യം എന്‍വിഡിയയുടെ മൂല്യം ട്രില്യണ്‍ കണക്കിന് ഡോളറിലേക്ക് ഉയര്‍ത്തി. ഏകദേശം 4.5 ട്രില്യണ്‍ ഡോളറാണ് കമ്പനിയുടെ വിപണിമൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തായ്വാനില്‍ ജനിച്ച ജെന്‍സന്‍ ഹുവാങ് ഒന്‍പതാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് കുടിയേറിയത്. ഒറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് ഇതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോളേജ് പഠനകാലത്തെ സുഹൃത്തും സഹപാഠിയുമായ ലോറി മില്‍സിനെയാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. എന്‍വിഡിയ സ്ഥാപിക്കുന്നതിന് മുമ്പ് അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എഎംഡിയില്‍ ജോലി ചെയ്തിരുന്നു. 1993ലാണ് അദ്ദേഹം എന്‍വിഡിയയുടെ സഹസ്ഥാപകനാകുന്നത്. പലതവണ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തിയ കമ്പനിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ ഹുവാങ് നിര്‍ണായക പങ്കുവഹിച്ചു. ഗെയിമിങ് രംഗത്തിനായി രൂപകല്‍പ്പന ചെയ്ത ചിപ്പുകളെ എഐ സാങ്കേതികവിദ്യയുടെ വികസനത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്തതാണ് കമ്പനിയുടെ വളര്‍ച്ചയില്‍ വഴിത്തിരിവായത്. ഓപ്പണ്‍എഐ, മെറ്റ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ക്കും എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി എന്‍വിഡിയ ചിപ്പുകള്‍ നല്‍കുന്നുണ്ട്.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആലീസ് ഹുവാങ് എന്ന ചൈനീസ് വ്യവസായ വനിത ബെയ്ജിങ്ങിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചാരയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. ജെന്‍സന്‍ ഹുവാങുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇവരെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പൗരനായ ജെന്‍സന്‍ ഹുവാങിനെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. എന്നാല്‍ ആലീസ് ഹുവാങ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആരോപണങ്ങളെ ഗൗരവമായി കാണുന്നുവെന്നും ബാഹ്യ നിയമവിദഗ്ധരെ നിയോഗിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി ന്യൂയോര്‍ക്ക് ടൈംസിനെ അറിയിച്ചിരുന്നു. അതേസമയം, ജെന്‍സന്‍ ഹുവാങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ എന്‍വിഡിയയുടെ രഹസ്യവിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയോ അപകടത്തിലായെന്നതിന് തെളിവുകളൊന്നുമില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്വേഷണം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഹുവാങ് കമ്പനിയുടെ നേതൃത്വം തുടരുമെന്ന നിലപാടിലാണ് എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ്. അതേസമയം, ചാരവൃത്തി ആരോപണം ചൈന നേരത്തെ തള്ളിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനരഹിതമായ ഊഹാപോഹമെന്നും ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി കഠിനാധ്വാനത്തിനും കര്‍ശനമായ തൊഴില്‍നിലവാരത്തിനും പേരുകേട്ട ഹുവാങിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ കമ്പനിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. ജീവനക്കാരില്‍നിന്ന് ഉയര്‍ന്ന നിലവാരം പ്രതീക്ഷിക്കുന്ന ഹുവാങ് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങളും ഉയരുന്നു. ദേശീയ സുരക്ഷാ ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകളും കമ്പനിയുടെ നേതൃത്വത്തില്‍ ഹുവാങ് തുടരുന്നതും വരും ദിവസങ്ങളില്‍ ആഗോള സാങ്കേതിക വ്യവസായം ഉറ്റുനോക്കുന്ന വിഷയങ്ങളായിരിക്കും.


Nvidia CEO Jensen Huang had an affair with a Chinese female spy; Jensen admits to being unfaithful to his wife; the company has announced an investigation into the relationship with the spy.

Share Email
LATEST excelnclexrn
More Articles
Top