ഇസ്‌ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താ അവതാരക റാബിയ അഹ്സാൻ (41) റാവൽപിണ്ടിയിലെ സ്വന്തം വസതിയിൽ വെടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവും ഓവർസീസ് പാകിസ്താനീസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി ഡയറക്ടറുമായ അഹ്സാൻ താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വസതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെടിശബ്ദം കേട്ട് കിടപ്പുമുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന താഹിറിനെയുമാണ് കണ്ടതെന്ന് റാബിയയുടെ സഹോദരി അൽവിന മൊഴി നൽകി. റാബിയയുടെ കഴുത്തിന് താഴെയും മുതുകിലുമായി വെടിയേറ്റ മുറിവുകളുണ്ട്. എന്നാൽ, കൈയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് താഹിർ പോലീസിന് നൽകിയ മൊഴി. തോക്കിന്റെ ലൈസൻസ് രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിട്ടില്ല.
പ്രമുഖ മാധ്യമസ്ഥാപനമായ ’92 ന്യൂസ്’ ചാനലിലെ അവതാരകയായിരുന്നു റാബിയ അഹ്സാൻ. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
















