സ്വര്‍ഗീയാനുഭൂതിയേകി ഫിലാഡല്‍ഫിയയില്‍ ‘കുട്ടിവിശുദ്ധ’രുടെ പരേഡും ഹോളിവീന്‍ ആഘോഷങ്ങളും

സ്വര്‍ഗീയാനുഭൂതിയേകി ഫിലാഡല്‍ഫിയയില്‍ ‘കുട്ടിവിശുദ്ധ’രുടെ പരേഡും ഹോളിവീന്‍ ആഘോഷങ്ങളും

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: സ്വര്‍ഗത്തിലെ വിശുദ്ധരെ അനുസ്മരിക്കുന്നതിനും, അവരുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി തിരുസഭ നീക്കിവച്ചിരിക്കുന്ന സകല വിശുദ്ധരുടേയും തിരുനാളും, ഹാലോവീന്റെ ക്രൈസ്തവ വേര്‍ഷന്‍ ആയ ഹോളിവീനും സംയുക്തമായി സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ ആഘോഷിച്ചു. ഇടവകയിലെ വിശ്വാസപരിശീലനസ്‌കൂളിന്റെ നേതൃത്വത്തില്‍ നവംബര്‍ 1 ഞായറാഴ്ച്ച ദിവ്യബലിക്കു മുമ്പായി ക്രമീകരിക്കപ്പെട്ട വിശുദ്ധരുടെ പരേഡ് മികവുറ്റതായിരുന്നു. വിശുദ്ധവേഷമിട്ട ‘കുട്ടിപ്പട്ടാളം’ വിശുദ്ധപാത തീര്‍ത്ത് സ്വര്‍ഗത്തിലെ പുണ്യാത്മാക്കള്‍ക്കു വരവേല്‍പ്പു നല്‍കി

ദിവ്യബലിക്കുമുമ്പ് പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള സണ്ടേസ്‌കൂള്‍ കുട്ടികളും, അധ്യാപകരും തങ്ങള്‍ക്കേറ്റം ഇഷ്ടപ്പെട്ട വിശുദ്ധരുടെ വേഷമണിഞ്ഞ് ദിവ്യബലിയില്‍ സംബന്ധിക്കാനെത്തിയത് കാണികളില്‍ കൗതുകമുണര്‍ത്തി. സീറോമലബാര്‍പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്റ് പാസ്റ്റര്‍ റവ. ഫാ. മാത്യു പള്ളിവാതുക്കല്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ എല്ലാ വിശുദ്ധരെയും സ്വര്‍ഗീയമധ്യസ്തരെയും അനുസ്മരിച്ചു് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.

ദൈവഹിതത്തിനനുസൃതമായി വിശുദ്ധിയില്‍ ജീവിച്ച് വിശ്വാസ പ്രഘോഷണത്തിനും, സംരക്ഷണത്തിനും, ആതുരശുശ്രൂഷക്കുമായി സ്വജീവിതം മാറ്റിവച്ച വിശുദ്ധരുടെ ജീവിതമാതൃക യുവതലമുറക്കു പ്രചോദനമാകണമെന്നു ദിവ്യബലിമദ്ധ്യേ നല്‍കിയ സന്ദേശത്തിലൂടെ ഫാ. മാത്യു പള്ളിവാതുക്കല്‍ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.

എല്ലാവര്‍ഷവും ഒക്ടോബര്‍ 31 നു കുട്ടികളും, മുതിര്‍ന്നവരും പ്രേതാത്മാക്കളുടെ ഭയപ്പെടുത്തുന്ന സാത്താനിക വേഷങ്ങള്‍ ധരിക്കുന്ന ഹാലോവീന്‍ വിപണന സംസ്‌കാരത്തിനു പകരമായി വിശുദ്ധരുടെ വേഷങ്ങള്‍ ധരിച്ചുകൊണ്ട് വെളിച്ചത്തിന്റെയും, വിശുദ്ധിയുടെയും സന്ദേശം നല്‍കുന്ന ഹോളിവീനും ആള്‍ സെയിന്റ്‌സ് ഡേയോടൊപ്പം ആഘോഷിച്ചു. തിന്മയുടെ മേല്‍ നന്മയും, ഇരുട്ടിന്റെമേല്‍ വെളിച്ചവും നേടിയ വിജയം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹാലോവീന്‍ സായാഹ്നത്തെ പ്രകാശത്താലും, പ്രാര്‍ത്ഥനയാലും ധന്യമാക്കുന്ന മനോഹരമായ ആത്മീയമുന്നേറ്റവും, സ്‌നേഹകൂട്ടായ്മയുമാണു ഹോളിവീന്‍.

സകലവിശുദ്ധരുടെയും തിരുനാളായി ആഗോള കത്തോലിക്കാസഭ നവംബര്‍ ഒന്ന് ആഘോഷിക്കുമ്പോള്‍ അതിനോടുചേര്‍ന്ന് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ദേവാലയം വിശുദ്ധരുടെ ജീവിതമാതൃക വിശ്വാസപരിശീലന കുട്ടികള്‍ക്കു കാണിച്ചുകൊടുക്കുന്നതിനായി ഹോളിവീന്‍ ആഘോഷവും സംഘടിപ്പിച്ചു. പൈശാചികവേഷങ്ങളണിഞ്ഞു, വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന ഹാലോവീന്‍ വിപണന സംസ്‌കാരത്തിനൊരു നൂതന മാതൃകയാണു ഹോളിവീന്‍.നാമെല്ലാം വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ തന്നെ, വിശുദ്ധിയില്‍ ജീവിക്കണമെന്നു മാത്രം. ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ഏതൊരു വിശ്വാസിക്കും വിശുദ്ധ പദവിക്ക് അര്‍ഹതയുണ്ട്. അതിനുള്ള കൃപാവരം മാമ്മോദീസായിലൂടെ എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്.

മില്ലേനിയല്‍ സെയിന്റ് കാര്‍ലോ അക്യൂത്തിസ്, വിശുദ്ധരായ അല്‍ഫോന്‍സ, ചാവറ, എവുപ്രാസ്യാമ്മ, മറിയം ത്രേസ്യാ, മദര്‍ തെരേസാ, കൊച്ചുത്രേസ്യ, സെ. മേരി, സെ. ജോസഫ്, സെ. ആന്റണി ഓഫ് പാദുവ, ഫിലാഡല്‍ഫിയാ വിശുദ്ധര്‍ സെ. ജോണ്‍ ന്യൂമാന്‍, സെ. കാതറൈന്‍ ഡ്രക്‌സല്‍ തുടങ്ങി അനേകം വിശുദ്ധാല്‍മാക്കള്‍ മാലാഖാമാരാല്‍ അനുഗതരായി ഇടവക വിശ്വാസിസമൂഹത്തിനു മുന്നില്‍ മിന്നിമറഞ്ഞുപോയപ്പോള്‍ അതൊരു സ്വര്‍ഗീയാനുഭൂതിയായി.

ഹോളിവീന്‍ ആഘോഷങ്ങളുടെ ഹൈലൈറ്റ് എന്നുപറയുന്നത് ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ നടന്ന വിനോദവും, വിജ്ഞാനവും കോര്‍ത്തിണക്കിയ പരിപാടികളായിരുന്നു. സണ്ടേസ്‌കൂളിലെ പ്രീ-കെ മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ ക്ലാസുകാരും അവരുടെ ഇഷ്ട സെയിന്റിനെ ആധാരമാക്കി മല്‍സരാടിസ്ഥാനത്തില്‍ ചെയ്ത ബഹുവര്‍ണ പോസ്റ്റര്‍ പ്രദര്‍ശനമെല്ലാവരെയും ആകര്‍ഷിച്ചു.

കൊച്ചുത്രേസ്യാ പുണ്യവതിയെ ആസ്പദമാക്കി നാലാം ക്ലാസുകാര്‍ ചെയ്ത പോസ്റ്റര്‍ ഒന്നാം സ്ഥാനവും, പ്രധാനമാലാഖമാരെക്കുറിച്ചുള്ള കിന്‍ഡര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ പോസ്റ്റര്‍ രണ്ടാം സ്ഥാനവും, മൂന്നാം ക്ലാസുകാരുടെ സെ. മേരി പോസ്റ്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകര്‍ഷകങ്ങളായ അനേകം ഗെയിം സ്റ്റേഷനുകളും കുട്ടികള്‍ തയാറാക്കിയിരുന്നു. വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണര്‍ത്തുന്നതിനു ഈ പരിപാടി സഹായിച്ചു.

സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലീനാ ജോസഫ്, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപുഷ്പ മിഷന്‍ ലീഗ് ഭാരവാഹികളായ സിസ്റ്റര്‍ അല്‍ഫോന്‍സ്, മഞ്ജു ചാക്കോ, സി. എം. എല്‍. ഓഫീസേഴ്‌സ്, മതാധ്യാപകര്‍, പി. ടി. എ ഭാരവാഹികള്‍, കൈക്കാരന്മാരായ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോബി കൊചുമുട്ടം, ജിതിന്‍ കരുമത്തി, ജറി കുരുവിള, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവര്‍ സെയിന്റ്‌സ് പരേഡും, ഹോളിവീന്‍ ആഘോഷങ്ങളും ക്രമീകരിക്കുന്നതില്‍ സഹായികളായി.

Parade of ‘little saints’ and Halloween celebrations in Philadelphia offer a heavenly experience

Share Email
Top