ഫ്‌ളോറിഡയില്‍ ഒന്‍പതു ജീവനുകള്‍ നഷ്ടമായ വിമാനാപകടം: കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി

ഫ്‌ളോറിഡയില്‍ ഒന്‍പതു ജീവനുകള്‍ നഷ്ടമായ വിമാനാപകടം: കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: യുഎസിലെ ഫ്‌ളോറിഡയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ജെറ്റ് വിമാനാപകടത്തില്‍ നിര്‍ണായകമായേക്കാവുന്ന കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കണ്ടെത്തി. ഇന്നലെയാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) റെക്കോര്‍ഡര്‍ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.
നവംബര്‍ ഒന്നിന് ബഹാമാസിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ് തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒന്‍പത് പേരും അപകടത്തില്‍ മരിച്ചിരുന്നു.
അപകടസമയത്ത് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട സാഹചര്യങ്ങളും വ്യക്തമാക്കാന്‍ റെക്കോര്‍ഡറിലെ വിവരങ്ങള്‍ക്ക് കഴിഞ്ഞേക്കും. ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും വിമാനത്തിന്റെ ചിറകുകളില്‍ മഞ്ഞ് രൂപപ്പെട്ടതും അപകടത്തിന് കാരണമായിട്ടുണ്ടോയെന്ന് അന്വേഷകര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ കണ്ടെത്തിയ റെക്കോര്‍ഡര്‍ പ്രവര്‍ത്തനക്ഷമമായിരുന്നോ അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വോയിസ് റെക്കോര്‍ഡര്‍ വാഷിംഗ്ടണിലെ ലേബാറട്ടറിയില്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

റെക്കോര്‍ഡറിന്റെ പുറംഭാഗം കേടുപാടുകളില്ലാത്ത നിലയിലാണെന്നാണ് പുറത്തുവിട്ട ചിത്രങ്ങള്‍ വിലയിരുത്തിയ വ്യോമയാന സുരക്ഷാ വിദഗ്ധന്‍ ജെഫ് ഗുസെറ്റിയുടെ അഭിപ്രായം. അതിനാല്‍ ഉപകരണത്തിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ റെക്കോര്‍ഡര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025 ജനുവരിയില്‍ ഫിലാഡല്‍ഫിയയില്‍ തകര്‍ന്ന മെഡിക്കല്‍ വിമാനത്തില്‍ നിന്ന് കണ്ടെത്തിയ സമാന ഉപകരണം വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

അപകടത്തിന് മുമ്പ് വിമാനം പ്രതികലൂല കാലാവസ്ഥയെ നേരിട്ടിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ രേഖകള്‍ വ്യക്തമാക്കുന്നു. വിമാനം 700 അടിയിലധികം ഉയരത്തില്‍ മുകളിലേക്കും താഴേക്കും ആടിയുലയുകയാണെന്ന് സഹപൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. സുരക്ഷിതമായ മറ്റൊരു പാതയിലൂടെ വിമാനം തിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകളും മുന്‍കാല സാങ്കേതിക തകരാറുകളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കും. വിമാനം സര്‍വീസ് നടത്തിയിരുന്ന അപ്പര്‍ ജെറ്റ്‌സ് കമ്പനിയിലെ ഉദ്യോഗസ്ഥര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍, വിമാനം പുറപ്പെട്ട ടെക്‌സസിലെ ഓസ്റ്റിന്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും.

Plane crash in Florida that claimed nine lives: Cockpit Voice Recorder recovered

Share Email
Top