ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ വിവാദം തുടരുന്നതിനിടെ, പ്രധാനമന്ത്രി നേരിട്ട് ഫോൺ ചോർത്തില്ലെന്ന പ്രതികരണവുമായി ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദ രംഗത്തെത്തി. സ്ക്രൂഡ്രൈവറുമായി മോദി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഫോൺ ചോർത്തില്ലെന്നും മറ്റാരെങ്കിലുമാകാം അത് ചെയ്യുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. തന്റെ ഫോണുകളും ചോർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ പിത്രോദ, ഫോൺ ചോർത്തുന്നുവെന്ന രാഹുലിന്റെ ആരോപണം തള്ളിയിട്ടില്ല. അതേസമയം, തെളിവുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ വെല്ലുവിളി ഉയർത്തുന്നതിന് പകരം പാർലമെന്റിൽ ഹാജരാക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ആശംസകൾ കൈമാറിയതിന് പിന്നാലെ വന്ന സാം പിത്രോദയുടെ പ്രതികരണം രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞതാണെന്ന രീതിയിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇതിനൊപ്പം, ഛഠ് പൂജയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഛഠ് പൂജയെപ്പോലും മോദി നാടകത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി മാറ്റുമെന്ന രാഹുലിന്റെ കഴിഞ്ഞ വർഷത്തെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച്, ഛഠ് പൂജ നാടകമാണെന്ന് രാഹുൽ പറഞ്ഞെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.
സംവാദമെന്ന രാഹുൽ ഗാന്ധിയുടെ വെല്ലുവിളി അവഗണിക്കുന്ന കേന്ദ്ര സർക്കാർ, മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കുന്നതിനായി പ്രത്യേക പാർലമെന്റ് സിറ്റിംഗ് നടത്തുന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ തീരുമാനമെടുത്തേക്കും. പ്രത്യേക സിറ്റിംഗിന് മുന്നോടിയായി ഈ മാസം 23-ന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് സി. സദാനന്ദന്റെ പേരും ചർച്ചയിലുണ്ടെന്നാണ് സൂചന.
















