ലിയോ പതിനാലാമന്‍ മാര്‍പാപ്പ പെറുവിലെത്തി

ലിയോ പതിനാലാമന്‍ മാര്‍പാപ്പ പെറുവിലെത്തി

ചിക്ലായോ: ആഗോള കത്തോലിക്കാ സഭാ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പെറുവില്‍ സന്ദര്‍ശനത്തിനായി എത്തി. തന്റെ അജപാലന ദൗത്യം നിര്‍വഹച്ച മണ്ണില്‍ വീണ്ടുമെത്തിയതിന്റെ ആഹ്‌ളാദം മാര്‍പാപ്പയുടെ മുഖത്ത് വ്യക്തമായിരുന്നു.പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് സമീപമുള്ള കല്ലാവോ നഗരത്തിലെ വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പയെ പതാകകള്‍ വീശിയും ആര്‍പ്പുവിളിച്ചും ആയിരക്കണക്കിന് ആളുകളാണ് വരവേറ്റത്. പ്രസിഡന്റ് കെയ്‌കോ ഫുജിമോറിയും വിദേശകാര്യ മന്ത്രി കാര്‍ലോസ് എസ്പായും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. പിന്നീട് വാഹനവ്യൂഹത്തില്‍ സര്‍ക്കാര്‍ കൊട്ടാരത്തിലേക്ക് നീങ്ങിയ മാര്‍പാപ്പയെ വഴിയോരങ്ങളില്‍ ജനക്കൂട്ടം അഭിവാദ്യം ചെയ്തു. ഏകദേശം 30 ലക്ഷം പേര്‍ സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുത്തതായാണ് വത്തിക്കാന്‍ കണക്കാക്കുന്നത്. പെറുവിലേക്കുള്ള മടക്കയാത്ര തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്നും ഈ രാജ്യം തന്നെ ഒരു ഇടയനായി രൂപപ്പെടുത്തിയെന്നും മാര്‍പാപ്പ പറഞ്ഞു. പെറുവിലെ ജനങ്ങള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് തന്നെ സ്വീകരിച്ചതെന്നും പരമ്പരാഗത വിഭവമായ സെവിച്ചെ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ പങ്കുവെച്ചത് മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ജീവിതത്തെയും ആത്മീയ നേതൃത്വത്തെയും രൂപപ്പെടുത്തിയ പെറുവിലേക്ക് വീണ്ടും മടങ്ങിയെത്തിയെന്നായിരുന്നു പോപ്പിന്റെ ആദ്യ പ്രതികരണം. കുതിരപ്പുറത്ത് കയറി ആന്‍ഡീസ് മലനിരകളിലെ വിദൂര ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയതും കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും വിതരണം ചെയ്തതും പ്രളയബാധിത മേഖലകളില്‍ റബ്ബര്‍ ബൂട്ടുകളണിഞ്ഞ് ചെളിവെള്ളത്തിലൂടെ നടന്നതുമെല്ലാം പെറുവിലെ ജനങ്ങള്‍ ഇന്നും ഓര്‍മിക്കുന്നുണ്ട്. റോബര്‍ട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് ജനങ്ങള്‍ക്കൊപ്പം പ്രതിസന്ധികളെ നേരിട്ട വ്യക്തിയാണ് ഇന്ന് കത്തോലിക്കാ സഭയുടെ തലവനായ പോപ്പ് ലിയോ പതിനാലാമന്‍.

പെറുവിലെ ചിക്ലായോ, കുസ്‌കോ തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് മാര്‍പാപ്പയുടെ യാത്രാപരിപാടി. 1985-ല്‍ മിഷനറിയായാണ് യുവാവായ റോബര്‍ട്ട് പ്രെവോസ്റ്റ് ആദ്യമായി പെറുവിലെത്തിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ സേവനവും ജനങ്ങളുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ നേതൃത്വശൈലിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായി. പിന്നീട് അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്നതിലേക്കുള്ള വഴിയിലും പെറുവിലെ അനുഭവങ്ങള്‍ വലിയ സ്വാധീനം ചെലുത്തി.

കോവിഡ് മഹാമാരിക്കാലത്തെ അദ്ദേഹത്തിന്റെ സേവനം പെറുവിലെ ജനങ്ങള്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. അന്ന് കല്ലായോ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചിരുന്ന പ്രെവോസ്റ്റ് ചിക്ലായോയില്‍ നിന്ന് 700 കിലോമീറ്ററിലധികം യാത്രചെയ്ത് ഓരോ രണ്ടാഴ്ച കൂടുമ്പോഴും അവിടെയെത്തിയിരുന്നതായി ഫാദര്‍ ജോസ് ഡെല്‍ റൊസാരിയോ ഓര്‍ക്കുന്നു. ചെറിയ വാഹനത്തില്‍ ഒറ്റയ്ക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മാസങ്ങളോളം ലോക്ക്ഡൗണില്‍ കഴിഞ്ഞ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനല്‍കുന്നതിനൊപ്പം ആത്മീയ പിന്തുണയും അദ്ദേഹം നല്‍കി. മഹാമാരിക്കാലത്ത് രോഗബാധിതനാകാനുള്ള സാധ്യതയുണ്ടായിട്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ധീരമായിരുന്നുവെന്ന് ഫാദര്‍ ജോസ് പറഞ്ഞു. ആ പ്രതിസന്ധിക്കാലത്ത് 11 വൈദികരെയും വിരമിച്ച ഒരു ബിഷപ്പിനെയും നഷ്ടപ്പെട്ടതായും അദ്ദേഹം ഓര്‍ത്തെടുത്തു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായിരുന്നു പെറു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2.19 ലക്ഷത്തിലധികം പേര്‍ മഹാമാരിയില്‍ മരിച്ചു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ ലിമയിലും മറ്റ് പ്രവിശ്യകളിലും ആശുപത്രികള്‍ക്ക് മുന്നില്‍ രോഗികള്‍ കുഴഞ്ഞുവീഴുന്ന ഭീതിജനകമായ സാഹചര്യങ്ങളുണ്ടായി. അത്തരം ദുരിതകാലത്ത് ജനങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകര്‍ന്ന വ്യക്തിയെന്ന നിലയിലാണ് പോപ്പ് ലിയോ പതിനാലാമനെ പെറുവിലെ ജനങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു മാര്‍പാപ്പയുടെ ഔദ്യോഗിക യാത്ര മാത്രമല്ല, തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാളുടെ വൈകാരികമായ മടക്കയാത്ര കൂടിയാണ്.

Pope Leo XIV arrived in Peru.

Share Email
Top