പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നു, സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ; തിരിച്ചടിച്ച് മകൾ ശർമ്മിഷ്ഠ

പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നു, സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തൽ; തിരിച്ചടിച്ച് മകൾ ശർമ്മിഷ്ഠ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നെന്നും അത് തന്നോട് സൂചിപ്പിച്ചത് ഞെട്ടിച്ചെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. അവരുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. സർക്കാരുമായി ഏകോപനം ഉറപ്പാക്കാൻ ആഴ്ചതോറും യോഗം ചേർന്നിരുന്ന കോർ ഗ്രൂപ്പിൽ പ്രണബ് മുഖർജി, അർജുൻ സിങ്, എ.കെ.ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരുണ്ടായിരുന്നു.

2010-ൽ ധനമന്ത്രി പി. ചിദംബരവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം, ഏറ്റവും ഉയർന്ന പദവിയിൽ മാറ്റത്തിന് സമയമായി എന്ന് പ്രണബ് നിർദേശിച്ചതാണ് സോണിയയെ ഞെട്ടിച്ചത്. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹമായാണ് സോണിയ ഇതിനെ കണ്ടത്. താൻ തന്ത്രപരമായി വിഷയം മാറ്റിയെന്നും പിന്നീട് 2012-ൽ അദ്ദേഹം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടെന്നും സോണിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു.

സോണിയയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി രംഗത്തെത്തി. പതിറ്റാണ്ടുകളുടെ ഭരണപരിചയവും അധ്വാനവുമുള്ള ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടാകുന്നതിൽ ഞെട്ടേണ്ട കാര്യം എന്താണെന്നും അത് കുറ്റമാണോ എന്നും അവർ ചോദിച്ചു. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ ഇത്തരം ആഗ്രഹം തുറന്നുപറഞ്ഞതുകൊണ്ടാണോ ഈ ഞെട്ടലെന്നും അവർ ചോദ്യമുയർത്തി.

കുടുംബപരമായ അവകാശങ്ങളിലൂടെ താലത്തിൽ വെച്ചുനീട്ടിയ പദവികളല്ല, മറിച്ച് സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയുമാണ് തന്റെ പിതാവ് ഉയർന്നുവന്നതെന്ന് ശർമ്മിഷ്ഠ കൂട്ടിച്ചേർത്തു. സോണിയയോടോ മറ്റാരോടെങ്കിലുമോ പിതാവിന് വിരോധമുണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥ മനസ്സിലാക്കാൻ ശേഷിയുള്ള പ്രായോഗിക നേതാവായിരുന്നു അദ്ദേഹമെന്നും അവർ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top