പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. യാതൊരു തെളിവുകളുമില്ലാതെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി തോന്ന്യാസം പറയുകയാണെന്ന് ബിജെപി ആഞ്ഞടിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, വിദേശബന്ധത്തിലടക്കം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉന്നയിക്കുന്നതും തെളിവില്ലാത്ത ആരോപണങ്ങളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരിച്ചടിച്ചു.
ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി എനിതിംഗ്’ (Ask Me Anything) സെക്ഷനിലൂടെയായിരുന്നു പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ. തന്റെ ഫോൺ മോദി ചോർത്തുന്നുണ്ടെന്നും ഇതിന് കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നുമായിരുന്നു രാഹുലിന്റെ വാദം. വിദേശ ശക്തികളുടെ ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതാരെന്നും ദേശദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാരെന്നും തെളിയിക്കാൻ ഒരൊറ്റ തുറന്ന സംവാദം മതിയെന്നും രാഹുൽ വെല്ലുവിളിച്ചു. ലോക്സഭയിൽ സംവദിച്ചുകൂടെ എന്ന ചോദ്യത്തിന്, സഭയിൽ തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും മൈക്ക് ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കാർഷിക ബില്ലുകൾ, ചൈന, നരവാനെയുടെ പുസ്തകം, എപ്സ്റ്റീൻ ഫയലുകൾ തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നീണ്ട പ്രസംഗങ്ങളില്ലാതെ ഒരു മേശയ്ക്ക് ഇരുവശത്തുമിരുന്ന് ആരോപണങ്ങൾ ഉന്നയിക്കാനുള്ള തുറന്ന സംവാദമാണ് താൻ ആഗ്രഹിക്കുന്നതെന്നും, അദാനിയോ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതോ ജഡ്ജിയായിരിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോടൊപ്പം ഒരൊറ്റ സംവാദത്തിൽ ഏർപ്പെട്ടാൽ മോദിക്ക് പിന്നീട് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്നും രാഹുൽ അവകാശപ്പെട്ടിരുന്നു.
















