ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എന്‍വിഡിയ മേധാവിയെ വിശ്വസിക്കുന്നുവെന്ന് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എന്‍വിഡിയ മേധാവിയെ വിശ്വസിക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍വിഡിയ മേധാവി പറയുന്നത് താന്‍ വിശ്വസിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തിങ്കളാഴ്ച എന്‍ഡിവിയ മേധാവി ഹുവാങ്ങുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ചോദിച്ചിരുന്നുവെന്നും അദ്ദേഹം നല്‍കിയ വിശദീകരണം വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ മേധാവി ചൈനീസ് ചാര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

ആലീസ് ഹുവാംഗ് എന്ന പേരില്‍ുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ ഡാറ്റാ കമ്പനിയായ മെഗാസ്പീഡിലെ ഉന്നത ഉദ്യോഗസ്ഥയുമായി ജെന്‍സന്‍ ഹുവാങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ ചൈനീസ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്റാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ആലീസ് ഹുവാങ് ചൈനീസ് സര്‍ക്കാരിനായി വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങളാണിതെന്നാണ് ചൈനയുടെ പ്രതികരണം.

വിവാദം ഉയര്‍ന്നതോടെ ജെന്‍സന്‍ ഹുവാങ്ങിനെതിരെ എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വതന്ത്ര ഡയറക്ടര്‍മാരുടെ പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ പുറത്തുനിന്നുള്ള നിയമവിദഗ്ധരുടെ സഹായത്തോടെയായിരിക്കും അന്വേഷണം. കമ്പനിയുടെ രഹസ്യവിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോര്‍ന്നതായി കരുതാന്‍ നിലവില്‍ കാരണമില്ലെന്നും എന്നാല്‍ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിക്കുമെന്നും എന്‍വിഡിയ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഹുവാങ്ങും അറിയിച്ചിട്ടുണ്ട്.
വിവാദം അമേരിക്കന്‍ ദേശീയ സുരക്ഷാ തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്ന യുഎസ് കോണ്‍ഗ്രസ് സമിതിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ നവംബര്‍ 18ന് അടച്ചിട്ട യോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജെന്‍സന്‍ ഹുവാങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയുടെ നിര്‍ണായക സാങ്കേതികവിദ്യകളിലേക്കും വിവരങ്ങളിലേക്കും ചൈനയ്ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഹുവാങ് യോഗത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. വിവാദങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും സിഇഒ എന്ന നിലയില്‍ ഹുവാങ് തുടര്‍ന്നും ചുമതലകള്‍ നിര്‍വഹിക്കുമെന്നും എന്‍വിഡിയ അറിയിച്ചു.

Relationship with Chinese female spy: Trump says he trusts Nvidia chief

Share Email
Top