2004-ൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയായിരുന്നു. ചരിത്രപരമായ അത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് തന്റെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലൂടെ സോണിയ ഗാന്ധി തന്നെ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. വിപണിയിലെത്തിയ തന്റെ പുസ്തകത്തിൽ ആ സംഭവബഹുലമായ ദിവസത്തെ ഓർമ്മകൾ അവർ വിശദമായി പങ്കുവെക്കുന്നു.
അന്ന് പ്രസംഗപീഠത്തിൽ നിൽക്കുമ്പോൾ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ ഓർക്കുന്നു. പ്രസംഗപീഠത്തിൽ നിന്ന് പിന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ചുറ്റും ആളുകളുണ്ടായിരുന്നു. തുടർന്ന് സഹപ്രവർത്തകരിൽ ഒരാൾ കൈയിൽ പിടിച്ച് അല്പം ആശ്വാസത്തിനായി ഹാളിൽ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും, മക്കളായ രാഹുലും പ്രിയങ്കയും കൂടെ നിൽക്കുകയും ചെയ്തു. കുറച്ചുനേരത്തിന് ശേഷം താൻ പ്രസംഗം തുടരാനായി വീണ്ടും ഹാളിലെ പ്രസംഗപീഠത്തിലേക്ക് തിരികെ എത്തുകയായിരുന്നു.
ഹാളിൽ തിരിച്ചെത്തിയ സോണിയ ഗാന്ധി എം.പിമാരോട് സംസാരിച്ച വരികൾ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. “നിങ്ങൾ എന്നെ സർവ്വസമ്മതയായ നേതാവായി തിരഞ്ഞെടുത്ത് വലിയ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. ഈ വിശ്വാസമാണ് എന്റെ തീരുമാനം പുനഃപരിശോധിക്കാൻ എന്നെ വലിയ സമ്മർദ്ദത്തിലാക്കുന്നത്. എങ്കിലും, ഇതുവരെ എന്നെ നയിച്ച തത്വങ്ങൾക്കനുസൃതമായി മാത്രമേ എനിക്ക് പ്രവർത്തിക്കാനാകൂ. അധികാരം ഒരിക്കലും എന്നെ ആകർഷിച്ചിട്ടില്ല, സ്ഥാനമാനങ്ങളും എന്റെ ലക്ഷ്യമായിരുന്നില്ല” എന്ന് അവർ വ്യക്തമാക്കി.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒപ്പം നിന്ന പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയെക്കുറിച്ചും സോണിയ പ്രസംഗത്തിൽ പരാമർശിച്ചു. നിങ്ങളിൽ ഒരാളായും കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായും, നിങ്ങളോടൊപ്പവും രാജ്യത്തിനുവേണ്ടിയും പ്രവർത്തിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്യുന്നുവെന്ന് സോണിയ അന്ന് പ്രഖ്യാപിച്ചു. നമ്മുടെ തത്വങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ആദർശങ്ങൾക്കും വേണ്ടി പോരാടാനുള്ള ദൃഢനിശ്ചയം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നേതാക്കളിൽ ചിലർ അപ്പോഴും പ്രതിഷേധം ഉയർത്തി വിളിച്ചുപറയുന്നുണ്ടായിരുന്നെങ്കിലും, പിന്നീട് അവർ ശാന്തമായി തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് സോണിയ ഗാന്ധി ആത്മകഥയിൽ വ്യക്തമാക്കുന്നു. തുടർന്ന് തന്റെ പിൻഗാമിയെ നാമനിർദ്ദേശം ചെയ്യാൻ അനുവദി നൽകണമെന്ന് അവിടെ സന്നിഹിതരായ എം.പിമാരോട് അവർ ആവശ്യപ്പെടുകയായിരുന്നു.
എം.പിമാർ അതിന് സമ്മതം മൂളിയതോടെയാണ് സോണിയ ഗാന്ധി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് നിർദ്ദേശിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് താൻ പടിയിറങ്ങുകയും ഡോ. മൻമോഹൻ സിങ്ങിനെ പുതിയ നേതാവായി നാമനിർദ്ദേശം ചെയ്യുകയുമായിരുന്നുവെന്ന് സോണിയ ഗാന്ധി പുസ്തകത്തിൽ കുറിക്കുന്നു.
















