ബീജിംഗ്: എന്വിഡിയസിഇഒ ജെന്സന് ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്ന ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെട്ട ആലിസ് ഹുവാങ് സ്വന്തം രാജ്യമായ ചൈനയില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടെ ആലിസ് നിലവില്‍ ബെയ്ജിങ്ങില്‍ കഴിയുകയാണെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അവര്‍ എപ്പോള്‍, എന്തിനാണ് ബെയ്ജിങ്ങിലെത്തിയതെന്നോ ഇപ്പോള്‍ എന്ത് പ്രവര്‍ത്തനങ്ങളിലാണ് ഏര്പ്പെട്ടിരിക്കുന്നതെന്നോ വ്യക്തമല്ല. ആലിസിന്റെ നീക്കങ്ങളെക്കുറിച്ച് നേരത്തെ തന്നെ വലിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ജെന്സന് ഹുവാങ് വിവാഹേതര ബന്ധം സമ്മതിച്ചതായും ആലിസ് ചൈനീസ് ചാരയാണെന്ന ആരോപണങ്ങളില്‍ എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മെഗാസ്പീഡ് ഇന്റര്‍നാഷണലിന്റെ സ്ഥാപകയായ ആലിസ് ഹുവാങ്, ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന അവര്‍ പിന്നീട് സാങ്കേതിക മേഖലയിലെ പ്രമുഖ സ്വാധീനശക്തിയായി മാറുകയായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ ചിപ്പുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന സ്ഥാപനങ്ങളിലൊന്നാണ് മെഗാസ്പീഡ്. ചൈനയിലേക്ക് അത്യാധുനിക ചിപ്പുകള്‍ അനധികൃതമായി കടത്തുന്നതിന് ഉപയോഗിക്കപ്പെടുന്ന പ്രധാന വ്യാപാരപാതകളിലൊന്നാണ് തെക്കുകിഴക്കന്‍ ഏഷ്യയെന്ന പശ്ചാത്തലത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയിലുമെത്തിയിട്ടുണ്ട്. എന്നാല്‍ ആലിസ് ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ചൈനീസ് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. വിഷയത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
2023-ലാണ് സ്വകാര്യ ഇക്വിറ്റി മേഖലയിലും ടെലിവിഷന്‍ രംഗത്തും പ്രവര്‍ത്തിച്ച അനുഭവമുള്ള ആലിസ് മെഗാസ്പീഡ് സ്ഥാപിച്ചത്. ചൈനയിലെ പ്രമുഖ വീഡിയോ ഗെയിം കമ്പനികളിലൊന്നായ സെവന് റോഡ് ഹോള്‍ഡിംഗില്‍ നിന്നാണ് സ്ഥാപനം വേര്‍പെട്ടത്. ചൈനയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകളുടെ കയറ്റുമതിക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വ്യാപക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കം. ആദ്യം 7ഞീമറ തങ്ങളുടെ സിംഗപ്പൂര്‍ ഉപസ്ഥാപനത്തെ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സിലെ ഹുവാങ് ലെ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിറ്റു. പിന്നീട് 2023 നവംബറില്‍ ഈ സ്ഥാപനം മെഗാസ്പീഡിനെ സിംഗപ്പൂരിലെ മറ്റൊരു ഷെല്‍ കമ്പനിക്ക് കൈമാറി. വില്‍പ്പനയ്ക്ക് ദിവസങ്ങള്‍ക്കകം മെഗാസ്പീഡിന് എന്‍വിഡിയയുടെ ഔദ്യോഗിക ക്ലൗഡ് പാര്‍ട്ണര്‍ പദവി ലഭിച്ചു. ഇത് കമ്പനിക്ക് ചിപ്പുകള്‍ ലഭ്യമാക്കുന്നതില്‍ പ്രത്യേക പരിഗണന നേടിക്കൊടുത്തു.
വ്യാപാര രേഖകള്‍ പ്രകാരം 2023-ലെ കമ്പനിയുടെ പണശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരത്തിലധികം മടങ്ങ് മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ പിന്നീട് മെഗാസ്പീഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്‍വിഡിയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി മാത്രം 460 കോടി ഡോളര്‍ (4.6 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായാണ് കണക്ക്. തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധ കേന്ദ്രങ്ങളിലൂടെ എന്‍വിഡിയ ചിപ്പുകള്‍ വാടകയ്ക്ക് നല്കുന്ന കമ്പനി, ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ്സിനും ചിപ്പുകള്‍ ലഭ്യമാക്കുന്നുണ്ട്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണങ്ങള്‍ ആലിബാബ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മെഗാസ്പീഡുമായുള്ള ഇടപാടുകളെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. എന്‍വിഡിയ ചിപ്പ് വ്യാപാരത്തിലെ മെഗാസ്പീഡിന്റെ വളര്‍ച്ചയും അതിന്റെ ചൈനീസ് ബന്ധങ്ങളെക്കുറിച്ചുള്ള സംശയങ്ങളും അമേരിക്കന്‍ ദേശീയ സുരക്ഷാ ചര്‍ച്ചകളില്‍ പ്രധാന വിഷയമായി മാറിയിട്ടുണ്ട്.
ധനകാര്യ മേഖലയിലായിരുന്നു ആലിസ് ഹുവാങിന്റെ ആദ്യകാല പ്രവര്‍ത്തനം. 2015 നവംബര്‍ മുതല്‍ ഷാങ്ഹായ് ഹെക്സി ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ വൈസ് ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിരുന്നതായി സ്ഥാപനത്തിന്റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലെ പഴയ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ഇതിന് മുമ്പ് സിഐടിഐസി സെക്യൂരിറ്റീസിലും എച്ച്എസ്ബിസിയിലും അവര്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആലിസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ആരോപിക്കപ്പെടുന്ന ചാരബന്ധങ്ങളെക്കുറിച്ചോ സ്വതന്ത്രമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്‍വിഡിയയുടെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദം കമ്പനിയുടെ ഭാവിയെയും ജെന്സന് ഹുവാങ്ങിന്റെ സിഇഒ പദവിയെയും ബാധിക്കുമോയെന്ന ചര്‍ച്ചകളും തുടരുകയാണ്.
Reports indicate that Alice Huang, accused of being a Chinese spy, has returned to Beijing.
















