ജോര്‍ജ് തുമ്പയില്‍
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി നല്കുന്ന ഔദ്യോഗിക പുരസ്കാരങ്ങളില് യുഎസിലെ മലയാളി മാധ്യമപ്രവര്‍ത്തകരെക്കൂടി പരിഗണിക്കണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. മുഖ്യമന്ത്രി വി. ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐപിസിഎന്‍എ ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിര്‍ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായി ഐപിസിഎന്‍എ പ്രസിഡന്റ് രാജു പള്ളത്ത് അറിയിച്ചു.
ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഐപിസിഎന്‍എ ദേശീയ മാധ്യമ പുരസ്കാര സമര്‍പ്പണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനെത്തിയപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് നല്കുന്ന ‘മാധ്യമശ്രീ’, മികച്ച പ്രവര്‍ത്തന മികവിനുള്ള ‘മാധ്യമരത്ന’ പുരസ്കാരങ്ങളാണ് ചടങ്ങിലെ മുഖ്യ ആകര്‍ഷണം. മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്ന ജേതാവിന് 50,000 രൂപയും പ്രശംസാഫലകവുമാണ് സമ്മാനിക്കുക.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്, പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എം. വി. പിള്ള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ജോസ് പനച്ചിപ്പുറം എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.
അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് പുറമെ മികച്ച വാര്‍ത്താ കവറേജ്, ഫീച്ചറുകള്‍, ന്യൂസ് ഫോട്ടോഗ്രാഫി, മികച്ച ടിവി ന്യൂസ് പ്രസന്റര്‍, അന്വേഷണാത്മക വാര്‍ത്ത, മികച്ച വെബ് മീഡിയ ലേഔട്ട്, യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അംഗീകാരങ്ങള്‍ നല്‍കുന്നത്.
പുരസ്കാരങ്ങള്‍ക്കായുള്ള നാമനിര്‍ദേശങ്ങള്‍ നവംബര്‍ 30-നകം സമര്‍പ്പിക്കാമെന്ന് ഐപിസിഎന്‍എ നേതൃത്വം അറിയിച്ചു. സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ കൊച്ചിയിലെ പുരസ്കാര സന്ധ്യയില്‍ സംബന്ധിക്കും.
The India Press Club of North America has requested that American-based journalists also be included in the State Government’s media awards.



















