ഒഹിയോ: ഒഹിയോ സംസ്ഥാനത്ത് ക്ലീവ്ലാന്‍ഡിന് സമീപമുള്ള വീട്ടിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും ബഹളം കേള്‍ക്കുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് നോര്‍ത്ത് റോയല്ട്ടണിലെ വീട്ടില്‍ സംഭവം നടന്നത്. മരിച്ച മൂന്ന് പേര്‍ക്കും 71 വയസ്സായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി എട്ടോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അകത്തുകയറി പരിശോധിച്ചപ്പോള്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരുടേയോ വാഹനം വീടിന്റെ പ്രവേശന ഭാഗത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് പ്രത്യേക പോലീസ് സംഘം വീട്ടിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയത്
. സംഭവത്തില്‍ മരിച്ചവരെ എമിലിയ സിയോര്ട്ടന്, സോറിന് സിയോര്ട്ടന്, സ്റ്റെഫാന്‍ പാസ്കു എന്നിവരായി കുയഹോഗ കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ ഓഫീസ് തിരിച്ചറിഞ്ഞു. ഇവരെല്ലാം 71 വയസ്സുകാരാണ്.
മൂന്നു പേരുടേയും മരണ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്തെ പരിശോധനകളും തെളിവുശേഖരണവും പുരോഗമിക്കുകയാണ്.
വീടിന്റെ മുന്‍വശത്തെ നിരവധി ജനാലകള്‍ തകര്‍ന്ന നിലയിലും പ്രധാന വാതില്‍ ഇളകിമാറിയ നിലയിലുമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. മരണങ്ങളുടെ സാഹചര്യവും സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Three people found dead inside a home in Ohio
















