നാടുകടത്തല്‍ നയം തെരഞ്ഞെടുപ്പില്‍ തനിക്ക് തിരിച്ചടിയായെന്ന് ട്രംപ്

നാടുകടത്തല്‍ നയം തെരഞ്ഞെടുപ്പില്‍ തനിക്ക് തിരിച്ചടിയായെന്ന് ട്രംപ്

വാഷിംഗടണ്‍: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനുള്ള തന്റെ നയം അല്‍പ്പം കടുത്തതായിരുന്നുവെന്നും അത് ഇടക്കാല തെരഞ്ഞെടുപ്പില്‍ തനിക്ക് തിരിച്ചടിയായെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്‌സ്’ പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിക്ക് മറ്റൊരു കാരണം മോശം പ്രചാരണവും സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ പിഴവുകളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ കുടിയേറ്റ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ട്രംപ്, അഭിമുഖത്തിന് പിന്നാലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ കടുത്ത വക്താവായ സ്റ്റീഫന്‍ മില്ലറെ നിയമിച്ചിരുന്നു. ട്രംപിന്റെ വിശ്വസ്തനായ മില്ലര്‍ കൂട്ട നാടുകടത്തല്‍ നയങ്ങളുടെ പ്രധാന ശില്‍പ്പികളിലൊരാളാണ്. കുടിയേറ്റ നയത്തില്‍ അമിതമായ കടുത്ത നിലപാട് തിരിച്ചടിയായെന്ന് ട്രംപ് സമ്മതിച്ച സാഹചര്യത്തില്‍ മില്ലറുടെ നിയമനം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഇതിനിടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കവും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. ഹെഗ്‌സെത്തിന് വീണ്ടും ശക്തമായ പിന്തുണ പ്രഖ്യാപിച്ച ട്രംപ് അദ്ദേഹത്തെ സ്ഥാനത്ത് നിലനിര്‍ത്താനുള്ള നിലപാട് ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി ഈ ആഴ്ച ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് വോട്ടെടുപ്പ് നടത്തുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഹക്കീം ജെഫ്രീസും നീക്കത്തിന് ശക്തമായ പിന്തുണ ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റോബര്‍ട്ട് ഗാര്‍സിയയും അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചെയും തമ്മില്‍ വാക്‌പോര് ശക്തമായി. ഭരണകൂടത്തിന്റെ നടപടികളെക്കുറിച്ച് അന്വേഷണം നടത്തുന്നതില്‍നിന്ന് ഡെമോക്രാറ്റിക് ജനപ്രതിനിധികളെ പിന്തിരിപ്പിക്കാന്‍ ബ്ലാഞ്ചെ അന്വേഷണ ഭീഷണി മുഴക്കുകയാണെന്ന് ഗാര്‍സിയ ആരോപിച്ചു. നേരത്തെ ഡെമോക്രാറ്റുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ നീതിന്യായ വകുപ്പിനോട് ട്രംപ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നും ബ്ലാഞ്ചെ പ്രതികരിച്ചിരുന്നു.

കുടിയേറ്റ നയം, പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം, ഭരണകൂടത്തിനെതിരായ അന്വേഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും രാഷ്ട്രീയ തന്ത്രങ്ങളിലും മാറ്റമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. അതേസമയം, ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.

Trump says deportation policy backfired on him in the election

Share Email
LATEST excelnclexrn
More Articles
Top